മെറിറ്റിൽ വന്നതാണ്; മകന് ജോലി ലഭിക്കാൻ ഇടപെട്ടിട്ടില്ലെന്ന് കെ സുരേന്ദ്രൻ
യോഗ്യതയുള്ള ആരെയെങ്കിലും മാറ്റി നിർത്തിയോ എന്ന് അന്വേഷിക്കാമെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.
തിരുവനന്തപുരം: കേന്ദ്രസർക്കാർ സ്ഥാപനമായ രാജീവ്ഗാന്ധി ബയോടെക്നോളജി സെന്ററിൽ മകന് ജോലി ലഭിക്കാൻ ഇടപെടലൊന്നും നടത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പൂർണമായും മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ഇതിനേക്കാൾ മെച്ചമായ മറ്റ് രണ്ട് സ്ഥാപനങ്ങളിലും മകൻ ഹരികൃഷ്ണൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. യോഗ്യതയുള്ള ആരെയെങ്കിലും മാറ്റി നിർത്തിയോ എന്ന് അന്വേഷിക്കാമെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.
രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിൽ സുരേന്ദ്രന്റെ മകനെ അനധികൃതമായി നിയമിച്ചുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനാണ് ടെക്നിക്കല്‍ ഓഫീസറടക്കം മൂന്ന് ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി തസ്തികയിലേക്ക് ബി.ടെക് മെക്കാനിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ബിരുദത്തില്‍ 60 ശതമാനം മാര്‍ക്കാണ് അടിസ്ഥാന യോഗ്യതയായി നിര്‍ദേശിച്ചിരുന്നത്. എം.ടെക് ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിരുന്നു. പിന്നോക്ക വിഭാഗത്തിനായാണ് തസ്തിക സംവരണം ചെയ്തത്. മുന്‍കാലങ്ങളില്‍ ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെയാണ് നിയമിച്ചിരുന്നത്.
മൂന്ന് ഘട്ടങ്ങളിലായി പരീക്ഷ നടപടികള്‍ ധൃതിപ്പെട്ട് പൂര്‍ത്തിയാക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ 48 ഉദ്യോഗാര്‍ഥികളെയാണ് പരീക്ഷക്ക് ക്ഷണിച്ചത്. ഏപ്രില്‍ മാസത്തില്‍ രാവിലെ ഒന്നാം ഘട്ട പരീക്ഷയും ഉച്ചയ്ക്ക് ശേഷം രണ്ടാം ഘട്ട പരീക്ഷയും നടന്നു. ഇതില്‍ യോഗ്യത നേടിയ നാല് പേരെ ഏപ്രില്‍ 26ന് ലാബ് പരീക്ഷക്കും ക്ഷണിച്ചു. ലാബ് പരീക്ഷയില്‍ പങ്കെടുത്ത് നാല് പേരില്‍ നിന്നാണ് കെ. സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്‍ കെ.എസിനി തിരഞ്ഞെടുത്തത്. റാങ്ക് പട്ടികയടക്കമുള്ള കാര്യങ്ങൾ സെന്ററിൽ അന്വേഷിച്ചിരുന്നെങ്കിലും അധികൃതർ ഉദ്യോഗാർത്ഥികൾക്ക് കൃത്യമായ വിവരങ്ങൾ നൽകിയില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
Adjust Story Font
16