Quantcast

കാൽപ്പന്ത് മാമാങ്കത്തെ ഖത്തർ ഹൃദയം കൊണ്ടാണ് വരിച്ചതെന്ന് ജനം തിരിച്ചറിയും: കെ.ടി ജലീല്‍

'ലോകകപ്പ് ഫുട്ബോളിന് ഖത്തറിൽ യവനിക ഉയരുമ്പോൾ നെറ്റി ചുളിച്ചവരുണ്ട്. ആശങ്കപ്പെട്ടവരുണ്ട്. കുശുമ്പ് പറഞ്ഞവരുണ്ട്'

MediaOne Logo

Web Desk

  • Published:

    17 Nov 2022 5:49 AM GMT

കാൽപ്പന്ത് മാമാങ്കത്തെ ഖത്തർ ഹൃദയം കൊണ്ടാണ് വരിച്ചതെന്ന് ജനം തിരിച്ചറിയും: കെ.ടി ജലീല്‍
X

ലോകകപ്പ് ഫുട്ബോളിന് ഖത്തറിൽ തിരശ്ശീല വീഴുമ്പോൾ വിമര്‍ശനങ്ങള്‍ ജലരേഖകളാകുമെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. ദോഷൈകദൃക്കുകൾ ഖത്തറിനെ വാഴ്ത്തും. കാൽപ്പന്തു മാമാങ്കത്തെ ഖത്തർ ഹൃദയം കൊണ്ടാണ് വരിച്ചതെന്ന് ജനം തിരിച്ചറിയും. പാശ്ചാത്യരും പൗരസ്ത്യരും തമ്മിലുള്ള അകലം കുറക്കാൻ ഈ ലോകകപ്പ് ഉപകരിച്ചേക്കും. പരസ്പരമുള്ള ഒരുപാട് തെറ്റിദ്ധാരണകൾക്ക് അറുതി വരുത്താൻ ഫുട്ബോൾ ലോകകപ്പ് വഴിവെക്കുമെന്നും കെ.ടി ജലീല്‍ കുറിച്ചു.

2022ലെ ഫുട്ബോൾ ലോകകപ്പിന് സവിശേഷതകൾ പലതുണ്ട്. ഭൂവിസ്തൃതി കുറഞ്ഞ ചെറിയ രാജ്യത്ത് നടക്കുന്ന ആദ്യ ലോകകപ്പ്. ഒരു മണിക്കൂറിൽ യാത്ര ചെയ്തെത്താവുന്ന എട്ട് സ്റ്റേഡിയങ്ങളൊരുക്കി കാണികൾക്ക് പരമാവധി കളികൾ കാണാൻ അവസരമൊരുങ്ങുന്ന പ്രഥമ ലോകകപ്പ്. ശൈത്യകാലത്ത് സംഘടിപ്പിക്കപ്പെടുന്ന ആദ്യ വേൾഡ് കപ്പ്. സമ്പൂർണ്ണ ആരോഗ്യ സംരക്ഷാ സംവിധാനങ്ങൾ ഒരുക്കപ്പെട്ട രാജ്യത്ത് നടക്കുന്ന പ്രഥമ ലോകകപ്പ് എന്നിങ്ങനെ നിരവധി പ്രത്യേകതകളുണ്ടെന്നും കെ.ടി ജലീല്‍ ചൂണ്ടിക്കാട്ടി.

ഖത്തറിന്‍റെ രാപ്പകലുകളെ ഫുട്ബോൾ ജ്വരത്തിൽ സജീവമാക്കുന്നവരിൽ നല്ലൊരു ശതമാനം മലയാളികളാണ്.ലോകകപ്പ് ഫുട്ബോളിന്‍റെ ചരിത്രത്തിൽ സംഘാടകർക്കൊപ്പം അതിഥികളെ സ്വീകരിക്കാനും അവർക്ക് വഴികാട്ടാനും കളിക്കളത്തിലെ പന്തുരുളലിന് സാക്ഷികളാകാനും മലയാള സാന്നിധ്യം ഇത്രമേൽ ഉണ്ടാകുന്നത് ആദ്യമായാകും. അക്കരെയുള്ള ഖത്തറിനും അത്തർ പുരട്ടി ഖത്തറിലെത്തുന്ന കാൽപ്പന്തു കളിക്കും കളി കാണാൻ ആർത്തലച്ചെത്തുന്ന ഫുട്ബോൾ പ്രേമികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നുവെന്നും കെ.ടി ജലീല്‍ കുറിച്ചു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

അത്തർ പൂശി ഖത്തറിലെത്തുന്ന ഫുട്ബോൾ മാമാങ്കം

ലോകകപ്പ് ഫുട്ബോളിന് ഖത്തറിൽ യവനിക ഉയരുമ്പോൾ നെറ്റി ചുളിച്ചവരുണ്ട്. ആശങ്കപ്പെട്ടവരുണ്ട്. സംശയം കൂറിയവരുണ്ട്. കുശുമ്പ് പറഞ്ഞവരുണ്ട്. കേട്ടതും കേട്ടുകൊണ്ടിരിക്കുന്നതുമായ അപശബ്ദങ്ങളെല്ലാം അസ്ഥാനത്തെ തോന്നലുകളാണെന്ന് ലോകമേളക്ക് തിരശ്ശീല വീഴുമ്പോൾ ബോദ്ധ്യമാകും. എല്ലാ എതിരഭിപ്രായങ്ങളുടെയും മുനയൊടിയും. വിമർശനങ്ങൾ ജലരേഖകളാകും. ദോഷൈകദൃക്കുകൾ ഖത്തറിനെ വാഴ്ത്തും. കാൽപ്പന്തു മാമാങ്കത്തെ ഖത്തർ ഹൃദയം കൊണ്ടാണ് വരിച്ചതെന്ന് ജനം തിരിച്ചറിയും.

ഖത്തറിന്‍റെ സ്നേഹവും സംസ്കാരവും മാലോകർക്ക് പരിചയപ്പെടുത്താൻ ലഭിച്ച അവസരം അവർ പാഴാക്കില്ലെന്ന് കരുതാം. പാശ്ചാത്യരും പൗരസ്ത്യരും തമ്മിലുള്ള അകലം കുറക്കാൻ 2022 ലെ ലോകകപ്പ് ഉപകരിച്ചേക്കും. അറേബ്യൻ ജനതയെ പരിചയപ്പെടാൻ ലോക ഫുട്ബോൾ പ്രേമികൾക്ക് കിട്ടിയ സുവർണ്ണാവസരം മാന്യമായ പെരുമാറ്റത്തിലൂടെയും വശ്യമായ ഇടപഴകലിലൂടെയും ഖത്തറികൾ പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. പരസ്പരമുള്ള ഒരുപാട് തെറ്റിദ്ധാരണകൾക്ക് അറുതി വരുത്താൻ വേൾഡ് കപ്പ് ഫുട്ബോൾ വഴിവെച്ചേക്കുമെന്ന് ചുരുക്കം.

എട്ടു പുതിയ സ്റ്റേഡിയങ്ങളാണ് അമീർ തമീം ബിൻ ഹമദ് അൽതാനിയുടെ ഖത്തർ സജ്ജമാക്കിയിരിക്കുന്നത്. ഫുട്ബോളിന്‍റെ ചാരുത നുകരാൻ എത്തുന്നവർക്കായി കുറ്റമറ്റ താമസ സൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഖത്തറിലെ ഓരോ മണൽതരിയും ആതിഥേയ മര്യാദയുടെ ഔന്നിത്യം കൊണ്ട് ജനമനസ്സുകൾ കീഴടക്കുമെന്നാണ് വാർത്തകൾ. വോളണ്ടിയർമാർ ഖത്തറിന്‍റെ ഓരോ മുക്കുമൂലകളിലും അതിഥികളെ വരവേൽക്കാൻ വിന്യസിക്കപ്പെട്ടു കഴിഞ്ഞു.

ലോക ഫുട്ബോൾ മഹോൽസവം കഴിയുന്നതോടെ താൽക്കാലിക സ്റ്റേഡിയം ആഫ്രിക്കയിലേക്ക് അഴിച്ചു സ്ഥാപിക്കുമെന്ന് ഖത്തർ പ്രഖ്യാപിച്ചത് അൽഭുതത്തോടെയാണ് ലോകം കേട്ടത്. ലോകകപ്പിന്‍റെ ചരിത്രത്തിൽ ഇന്നോളം കേൾക്കാത്ത പ്രഖ്യാപനം.

അസൂയക്കാർ ഒരുപാടുണ്ട് ഖത്തറിന്. പുറമക്കാരല്ല. സ്വന്തമെന്ന് കരുതുന്നവർ തന്നെ. എത്ര ഉപരോധങ്ങളെയാണ് ഖത്തർ നേരിട്ടത്. ഇച്ഛാശക്തി കൊണ്ട് എല്ലാറ്റിനേയും ആ ചെറു രാജ്യം അതിജീവിച്ചു. അമീർ അൽതാനിയുടെ പാറ പോലെ ഉറച്ച നിലപാടുകൾ അറബ് ലോകത്ത് പുതു ചരിതം കുറിച്ചു. അതോടെ നാൽപ്പത്തിരണ്ടുകാരനായ ഖത്തർ അമീർ മിഡിൽ ഈസ്റ്റിലെ ഫിഡൽ കാസ്ട്രോയായി മാറി.

2022 ലെ ഫുട്ബോൾ ലോകകപ്പിന് സവിശേഷതകൾ പലതുണ്ട്. ഭൂവിസ്തൃതിയിൽ ഏറ്റവും ചെറിയ രാജ്യത്ത് നടക്കുന്ന ആദ്യ ലോകകപ്പ്. ഒരു മണിക്കൂറിൽ യാത്ര ചെയ്തെത്താവുന്ന എട്ട് സ്റ്റേഡിയങ്ങളൊരുക്കി കാണികൾക്ക് പരമാവധി കളികൾ കാണാൻ അവസരമൊരുങ്ങുന്ന പ്രഥമ ലോകകപ്പ്. ശൈത്യകാലത്ത് സംഘടിപ്പിക്കപ്പെടുന്ന ആദ്യ വേൾഡ് കപ്പ്. സമ്പൂർണ്ണ ആരോഗ്യ സംരക്ഷാ സംവിധാനങ്ങൾ ഒരുക്കപ്പെട്ട രാജ്യത്ത് നടക്കുന്ന പ്രഥമ ലോകകപ്പ്. അങ്ങിനെ പോകും പ്രത്യേകതകളുടെ നീണ്ട പട്ടിക!

മലയാളികൾക്ക് കേരളം വിട്ടാൽ മറ്റൊരു വീടാണ് മധ്യപൗരസ്ത്യ ദേശത്തുള്ള ഖത്തർ. ഖത്തറിന്‍റെ രാപ്പകലുകളെ ഫുട്ബോൾ ജ്വരത്തിൽ സജീവമാക്കുന്നവരിൽ നല്ലൊരു ശതമാനം മലയാളികളാണെന്നാണ് വിവരം. ഇന്നോളം നടന്ന ലോകകപ്പ് ഫുട്ബോളിന്‍റെ ചരിത്രത്തിൽ സംഘാടകർക്കൊപ്പം അതിഥികളെ സ്വീകരിക്കാനും അവർക്ക് വഴികാട്ടാനും കളിക്കളത്തിലെ പന്തുരുളലിന് സാക്ഷികളാകാനും മലയാള സാന്നിദ്ധ്യം ഇത്രമേൽ ഉണ്ടാകുന്നത് ആദ്യമായാകും. കേരളത്തിന്‍റെ കാൽപ്പന്ത് കളിയോടുള്ള ഭ്രമം ലോകകപ്പ് സി.ഇ.ഒ നാസർ അൽ ഖാതർ മറയില്ലാതെ വ്യക്തമാക്കിക്കഴിഞ്ഞു. കൊച്ചു കേരളവും മലയാളികളുടെ "ഫുട്ബോൾ ഭ്രാന്തും"ലോക ഫുട്ബോൾ ആരാധകരുടെ മനസ്സിൽ പതിഞ്ഞത് മലയാളക്കരക്കുള്ള വലിയ അംഗീകാരമാണ്.

ഒരു മാസം ആകാശ പാതകളെല്ലാം ഖത്തറിലേക്കാണ്. "ചലോ ടു ഖത്തർ" എന്ന ബാനർ വ്യോമ വഴികളിലെല്ലാം ഉയർന്നു കഴിഞ്ഞു. ഇക്കരെയിരുന്നാണ് കളി കാണുകയെങ്കിലും അക്കരെയുള്ള ഖത്തറിനും അത്തർ പുരട്ടി ഖത്തറിലെത്തുന്ന കാൽപ്പന്തു കളിക്കും കളി കാണാൻ ആർത്തലച്ചെത്തുന്ന ഫുട്ബോൾ പ്രേമികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

TAGS :

Next Story