Quantcast

'മനസ്സാക്ഷിക്കുത്ത് തോന്നിത്തുടങ്ങിയാല്‍ പിന്നെ നില്‍ക്കപ്പൊറുതിയുണ്ടാവില്ല' : റിയാസ് മൗലവി വധക്കേസിലെ ജഡ്ജിയുടെ സ്ഥലം മാറ്റത്തെ പരിഹസിച്ച് കെ.ടി ജലീല്‍

ഭീരുക്കളാണ് ഒളിച്ചോടുകയെന്നും ചെയ്തത് സത്യമെങ്കില്‍ ആരെ ഭയപ്പെടാനാണെന്നും ജലീല്‍

MediaOne Logo

Web Desk

  • Published:

    11 April 2024 10:38 AM GMT

k t jaleel
X

കാസര്‍കോട്: റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിയുടെ സ്ഥലം മാറ്റത്തെ പരിഹസിച്ച് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ കെ.ടി ജലീല്‍. ഭീരുക്കളാണ് ഒളിച്ചോടുകയെന്നും ചെയ്തത് സത്യമെങ്കില്‍ ആരെ ഭയപ്പെടാനാണെന്നും കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മനസ്സാക്ഷിക്കുത്ത് തോന്നിത്തുടങ്ങിയാല്‍ പിന്നെ നില്‍ക്കപ്പൊറുതിയുണ്ടാവില്ലെന്നും അത് കൊച്ചിയിലായാലും കൊയിലാണ്ടിയിലായാലും എന്നാണ് കുറിപ്പ്.

റിയാസ് മൗലവി വധക്കേസില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനായി വാദിച്ച അഭിഭാഷകന്‍ അഡ്വ.സി ഷുക്കൂര്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പമാണ് ജലീലിന്റെ പ്രതികരണം.

റിയാസ് മൗലവി കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ട കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ കെ ബാലകൃഷ്ണനെയാണ് ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി സ്ഥലംമാറ്റിയത്. അതേസമയം, ആറുമാസം മുന്‍പ് തന്നെ സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കിയിരുന്നെന്നും ഇതിന്റെ സ്വാഭാവിക നടപടി മാത്രമാണ് ഇതെന്നുമാണ് ലഭിക്കുന്ന വിശദീകരണം.

പ്രതികളെ വെറുതെ വിട്ട നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വധക്കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമെന്നാണ് സര്‍ക്കാരിന്റെ അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നത്. പ്രോസിക്യൂഷന്‍ ശക്തമായ തെളിവുകള്‍ ഹാജരാക്കിയിട്ടും പ്രതികളെ വെറുതെ വിടാന്‍ ദുര്‍ബലമായ കാരണങ്ങള്‍ വിചാരണ കോടതി കണ്ടെത്തിയെന്നും അപ്പീലില്‍ പറയുന്നുണ്ട്. റിയാസ് മൗലവി വധക്കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികളെ കോടതി വെറുതെവിട്ടത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. പ്രതിപക്ഷം ഇത് ആയുധമാക്കുകയും ചെയ്തിരുന്നു.

TAGS :

Next Story