വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ. വിദ്യയെ ജൂലൈ ആറുവരെ റിമാൻഡ് ചെയ്തു
വിദ്യ ഒളിവിൽ പോയിട്ടില്ലെന്നും മാധ്യമങ്ങളെയും പൊതുസമൂഹത്തെയും തൃപ്തിപ്പെടുത്താനാണ് അറസ്റ്റെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
മണ്ണാർക്കാട്: വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യയെ ജൂലൈ ആറുവരെ റിമാൻഡ് ചെയ്തു. റിമാൻഡ് കാലയളവിൽ ചോദ്യം ചെയ്യാനായി രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയും അനുവദിച്ചിട്ടുണ്ട്. 24-ന് വിദ്യയെ വീണ്ടും ഹാജരാക്കണമെന്ന് മണ്ണാർക്കാട് കോടതി ഉത്തരവിട്ടു.
ജാമ്യാപേക്ഷ വിദ്യയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 24-ന് വിദ്യയെ കോടതിയിൽ ഹാജരാക്കുമ്പോൾ ജാമ്യാപേക്ഷ പരിഗണിക്കും. വഞ്ചനാകുറ്റം നിലനിൽക്കില്ലെന്നും മാധ്യമങ്ങളെയും പൊതുസമൂഹത്തെയും തൃപ്തിപ്പെടുത്താനാണ് വിദ്യയെ അറസ്റ്റ് ചെയ്തതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
അധ്യാപികയായ വിദ്യയെ തീവ്രവാദ, കൊലപാതകക്കേസ് പ്രതിയെപ്പോലെയാണ് കൈകാര്യം ചെയ്യുന്നതെന്നും അഭിഭാഷകൻ പറഞ്ഞു. വിദ്യക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ സർട്ടിഫിക്കറ്റുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ബയോഡാറ്റയിൽ മഹാരാജാസ് എന്നെഴുതിയത് അബദ്ധമാണെന്നാണ് വിദ്യയുടെ നിലപാട്.
Adjust Story Font
16