Quantcast

കാഫിർ പോസ്റ്റർ: സി പി എം നേതാവ് കെ കെ ലതികയെ ന്യായീകരിച്ച് മന്ത്രി എം ബി രാജേഷ്

ഫേസ്ബുക്കിൽ നിന്ന് വിവരം കിട്ടിയാൽ നടപടിയെടുക്കുമെന്ന മറുപടി ആവർത്തിച്ച് മന്ത്രി

MediaOne Logo

Web Desk

  • Updated:

    2024-06-28 08:27:22.0

Published:

28 Jun 2024 4:36 AM GMT

kk lathika
X

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കാഫിർ പോസ്റ്റർ പങ്കുവച്ച സി പി എം നേതാവും മുൻ എം എൽ എയുമായ കെ കെ ലതികയെ പൂർണമായി ന്യായീകരിച്ച് മന്ത്രി എം ബി രാജേഷ്. വർഗീയ പ്രചാരണത്തിനെതിരയാണ് കെ കെ ലതിക ഫേസ്ബുക്കിൽ കുറിപ്പിട്ടത് എന്നാണ് നിയമസഭയിലെ മന്ത്രിയുടെ വിശദീകരണം. പോസ്റ്റ് പിൻവലിച്ചത് പക്വമായ നടപടിയാണ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം പ്രചാരണങ്ങളെ സർക്കാർ കർശനമായി നേരിടുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് മന്ത്രി എം ബി രാജേഷിന്റെ മറുപടി.

ചോദ്യോത്തര വേളയിൽ കോൺഗ്രസ് എം എൽ എ മാത്യു കുഴൽനാടനാണ് നിയമസഭയിൽ ചോദ്യം ഉന്നയിച്ചത്. കെ കെ ലതികക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന പ്രതിപക്ഷ ചോദ്യത്തോട് തുടക്കത്തിൽ മൗനംപാലിച്ച മന്ത്രി, ചോദ്യം അഞ്ചാംവട്ടവും ആവർത്തിച്ചപ്പോഴാണ് മറുപടി നൽകാൻ തയാറായത്. കാഫിർ പോസ്റ്റർ സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്നും ഫേസ്ബുക്കിൽ നിന്ന് വിവരം കിട്ടിയാൽ നടപടിയെടുക്കുമെന്നുമായിരുന്നു മന്ത്രി എം ബി രാജേഷിന്റെ ആദ്യത്തെ മറുപടി നൽകി. ഗുരുതരമായ കുറ്റകൃത്യത്തിൽ കെ കെ ലതികക്കെതിരെ എഫ് ഐ ആർ രജിസറ്റർ ചെയ്തിട്ടുണ്ടോ എന്ന് മാത്യുകുഴൽനാടൻ വീണ്ടും ചോദിച്ചപ്പോൾ മന്ത്രി ആദ്യ മറുപടി തന്നെ ആവർത്തിച്ചു. എഫ് ഐ ആർ ഉണ്ടോ ഇല്ലയോ എന്ന് മാത്രം മറുപടി പറഞ്ഞാൽ മതിയെന്നും അരിയെത്രയെന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് പറഞ്ഞൊഴിയുകയാണെന്നും കുഴൽനാടൻ പരിഹസിച്ചെങ്കിലും മന്ത്രിയുടെ മറുപടി പഴയതുതന്നെ.

പിന്നീട് സി ആർ മഹേഷ് ഇതേ ചോദ്യം ആവർത്തിച്ചു. ഇക്കാര്യം ഫയലിലുണ്ടായിരുന്നുവെന്നും വിട്ടുപോയതിനാലാണ് ഇതുവരെ മറുപടി പറയാതിരുന്നത് എന്നുമുള്ള വിശദീകരണത്തോടെയാണ് ഇത്തവണ മന്ത്രി മറുപടി പറഞ്ഞത്. ഭാസ്കരൻ മാസ്റ്ററുടെയും മുസ്ലിം ലീഗിന്‍റെയും പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എം ബി രാജേഷ് സഭയെ അറിയിച്ചു. പിന്നീട് കെ കെ രമയും ഇതേ ചോദ്യം ഉന്നയിച്ചു. കാഫിർ പോസ്റ്റർ ആദ്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിൻമാരെ കണ്ടെത്തിയിട്ടുണ്ടോ എന്ന ഐ സി ബാലകൃഷ്ണന്റെ ചോദ്യത്തിനും ഫേസ് ബുക്കിൽ നിന്ന് വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ട് എന്ന മറുപടി തന്നെ മന്ത്രി ആവർത്തിച്ചു.

മന്ത്രിയുടെ ന്യായീകരണത്തിനിടെ പരിഹാസവുമായി പ്രതിപക്ഷം രംഗത്തെത്തി. വർഗീയ വിരുദ്ധ പ്രചാരണം നടത്തിയതിന് കെ കെ ലതികയ്ക്ക് താമ്രപത്രം കൊടുത്തൂടെ എന്നായിരുന്നു എൽദോസ് കുന്നപ്പിളിയുടെ ചോദ്യം. ഇതിനിടെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐ ഡി കാർഡ് വിവാദത്തെക്കുറിച്ച ചോദ്യം ഭരണപക്ഷ അംഗങ്ങൾ ഉന്നയിച്ചത് സഭയെ ബഹളമയമാക്കി. കാഫിർ പോസ്റ്ററിനെക്കുറിച്ച് ചോദ്യത്തിനിടെ മറ്റ് ചോദ്യങ്ങൾ ചോദിച്ച് വിഷയം മാറ്റുകയാണ് സർക്കാർ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിലെ വിവാദമായ ‘കാഫിർ’ പ്രയോഗത്തിന്റെ സ്ക്രീൻഷോട്ട് ഷെയർ ചെയ്ത പോസ്റ്റ് സിപിഎം സംസ്ഥാന സമിതി അംഗം കെ.കെ. ലതിക ഫേസ്ബുക്കിൽ നിന്ന് പിൻവലിച്ചിരുന്നു. സ്ക്രീൻഷോട്ട് പിൻവലിച്ചു ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്യുകയും ചെയ്‌തു.

മുസ്‌ലിം യൂത്ത് ലീഗ് നേതാവിന്റെ പേരിലുള്ള വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് ലതികയെ പൊലീസ് നേരത്തേ ചോദ്യം ചെയ്തിരുന്നു. സ്ക്രീൻ ഷോട്ട് വ്യാജമാണെന്നറിഞ്ഞിട്ടും പോസ്റ്റ് നീക്കം ചെയ്യാത്ത സാഹചര്യത്തിൽ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത്.

TAGS :

Next Story