'കാഫിർ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്യണം'; സി.പി.എമ്മിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം
കാഫിർ വിഷയത്തില്‍ മാധ്യമങ്ങളും യുഡിഎഫും നുണ പ്രചാരണം നടത്തുവെന്നാരോപിച്ച് ഡിവൈഎഫ്ഐ ഇന്ന് വടകരയില്‍ ബഹുജന യോഗം സംഘടിപ്പിക്കും
കോഴിക്കോട്: കാഫിർ പോസ്റ്റ് വിവാദത്തില്‍ സി.പി.എമ്മിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ യു.ഡി.എഫ്. നാളെ വടകര എസ്.പി ഓഫീസിലേക്ക് യുഡിഎഫ് - ആർ.എം.പി സംയുക്ത പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. കാഫിർ സ്ക്രീന്‍ഷോട്ട് ആദ്യം പോസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ നേതാവ് റിബേഷിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് വില്ല്യാപ്പള്ളിയില്‍ പ്രതിഷേധ പരിപാടി നടത്തി. ഡിവൈഎഫ്ഐയുടെ വിശദീകരണ യോഗം ഇന്ന് വടകരയില്‍ നടക്കും.
വടകര തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ സി.പി.എം ആയുധമാക്കിയ കാഫിർ സ്ക്രീന്‍ ഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനാണെന്ന പൊലീസ് റിപ്പോർട്ട് വന്നതോടെയാണ് യുഡിഎഫ് പ്രതിഷേധം ശക്തമാക്കിയത്. സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ വടകര വില്ല്യാപ്പള്ളിയില്‍ നടന്ന പ്രതിഷേധം സംഗമം മുന്‍ എം. എല്‍.എ പാറയ്ക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
നാളെ വടകര എസ് പി ഓഫീസിലേക്ക് നടക്കുന്ന യുഡിഎഫ് ആർ എം പി സംയുക്ത മാർച്ച് കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. റിബേഷ് ഉള്‍പ്പെടെ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച സി.പി.എം നേതാക്കള്‍ക്കെതിരെ കേസെടുക്കും വരെ പ്രതിഷേധം തുടരാനാണ് യുഡിഎഫ് തീരുമാനം. 'സി.പി.എം ധ്രൂവീകരണ അജണ്ടകളെ ചെറുക്കുക' എന്ന തലക്കെട്ടില്‍ സോളിഡാരിറ്റിയും നാളെ വടകരയില്‍ പൊതു സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്. അതിനിടെ കാഫിർ വിഷയത്തില്‍ മാധ്യമങ്ങളും യുഡിഎഫും നുണ പ്രചാരണം നടത്തുവെന്നാരോപിച്ച് ഡിവൈഎഫ്ഐ ഇന്ന് വടകരയില്‍ ബഹുജന യോഗം സംഘടിപ്പിക്കും. റിബേഷ് പ്രസിഡന്റായ വടകര ബ്ലോക്ക് കമ്മിറ്റിയാണ് സംഘാടകർ.
Adjust Story Font
16