കാക്കനാട് ലഹരിക്കടത്ത്; സംഘത്തെ നിയന്ത്രിച്ചിരുന്നത് കൊച്ചി സ്വദേശിനി സുസ്മിത ഫിലിപ്പ്
സുസ്മിത പ്രതികൾക്ക് വലിയ തോതിൽ സാമ്പത്തിക സഹായം ചെയ്തെന്നും ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിയെന്നും എക്സൈസ് വെളിപ്പെടുത്തി
കാക്കനാട് ലഹരിക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത് കൊച്ചി സ്വദേശിനി സുസ്മിത ഫിലിപ്പ് എന്ന് എക്സൈസ് ക്രൈംബ്രാഞ്ച്. സുസ്മിത പ്രതികൾക്ക് വലിയ തോതിൽ സാമ്പത്തിക സഹായം ചെയ്തെന്നും ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിയെന്നും എക്സൈസ് വെളിപ്പെടുത്തി. സുസ്മിതയെ ഇന്ന് എക്സൈസ് കസ്റ്റഡിയിൽ വാങ്ങും.
12 പ്രതികളെയാണ് കാക്കനാട് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഇതുവരെ അറസ്റ്റ് ചെയ്തത്. കേസില്‍ അവസാനമായി അറസ്റ്റ് ചെയ്യപ്പെട്ട സുസ്മിതയാണ് സംഘത്തെ നിയന്ത്രിച്ചിരുന്നതെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് പറയുന്നു. ഇവര്‍ പ്രതികൾക്ക് ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിള്‍ പേ വഴിയും വലിയ തോതിൽ സാമ്പത്തിക സഹായം ചെയ്തിരുന്നു. എല്ലാ ഗൂഡാലോചനകളിലും ഇവര്‍ പങ്കാളിയായിരുന്നുവെന്നും എക്സൈസ് കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു. സുസ്മിതയെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവും എക്സൈസ് കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്.
അറസ്റ്റിലായ പ്രതികള്‍ക്ക് ശ്രീലങ്കയില്‍ നിന്നും വന്ന ഫോണ്‍കോളുകളെ കുറിച്ചും എക്സൈസ് അന്വേഷിക്കുന്നുണ്ട്. ചെന്നൈയില്‍ നിന്നുമാണ് മാരക മയക്കുമരുന്നായ എംഡിഎ പ്രതികള്‍ക്കു ലഭിച്ചത്. മയക്കുമരുന്ന് നല്‍കിയവരെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. കേസില്‍ ഇനിയും പ്രതികള്‍ അറസ്റ്റിലാവാവുണ്ട്.
Adjust Story Font
16