കക്കി ഡാം ഇന്ന് തുറക്കും; അപകടസാധ്യതാ മേഖലകളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നു
പകല്‍ ഡാം തുറക്കുന്നത് ആവശ്യമായ തയ്യാറെടുപ്പുകള്‍ സ്വീകരിക്കുന്നതിന് അധികൃതര്‍ക്കും ജനങ്ങള്‍ക്കും ആവശ്യമായ സമയം ലഭ്യമാക്കുമെന്ന് വിലയിരുത്തല്‍
കക്കി - ആനത്തോട് ഡാം ഇന്ന് രാവിലെ 11 മണിക്ക് തുറക്കും. പമ്പ അണക്കെട്ടിലെ ജലനിരപ്പ് ഓറഞ്ച് അലർട്ടിലേക്ക് എത്തി. അതേസമയം പത്തനംതിട്ടയില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്.
പമ്പ നദിയിലെ ജലനിരപ്പ് അപകടകരമായ ലെവലിനേക്കാള്‍ മുകളിലാണെങ്കിലും ഡാമുകളുടെ ശേഷി കവിഞ്ഞുള്ള കനത്ത ദുരന്ത സാധ്യത ഒഴിവാക്കുന്നതിനായി ഡാമില്‍ നിന്നും നിയന്ത്രിത അളവില്‍ ജലം പുറത്തുവിടുന്നതാണ് നല്ലതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിലയിരുത്തുകയുണ്ടായി. ജനവാസ മേഖലകളില്‍ പരമാവധി 15 സെന്റീമീറ്ററില്‍ അധികരിക്കാതെ ജലം തുറന്നുവിടാനാണ് തീരുമാനം. പകല്‍ സമയം ഡാം തുറക്കുന്നത് ആവശ്യമായ തയ്യാറെടുപ്പുകള്‍ സ്വീകരിക്കുന്നതിന് അധികൃതര്‍ക്കും ജനങ്ങള്‍ക്കും ആവശ്യമായ സമയം ലഭ്യമാക്കുമെന്നും വിലയിരുത്തി.
കക്കി ഡാം തുറക്കുന്ന പശ്ചാത്തലത്തിൽ ചെങ്ങന്നൂരിലും ജാഗ്രതാനിർദേശമുണ്ട്. നദീതീരത്ത് താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അടിയന്തര സാഹചര്യം നേരിടുന്നതിന് ചെങ്ങന്നൂരിൽ മത്സ്യബന്ധന ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. എംസി റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
ജാഗ്രതാനിര്‍ദേശം
കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഇന്ന് രാവിലെ 11 മണിക്കു ശേഷം ക്രമാനുഗതമായി ഉയര്‍ത്തി 100 കുമക്സ് മുതല്‍ 200 കുമക്സ് വരെ ജനവാസ മേഖലകളില്‍ പരമാവധി 15 സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ ജലം പമ്പാ നദിയിലേക്ക് ക്രമാനുഗതമായി ഒഴുക്കി വിടുന്നതിനു നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവിട്ടു. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം രണ്ടു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയില്‍ എത്തും.
പമ്പാനദിയിലെ ജലനിരപ്പ് ജലസേചന വകുപ്പ് തുടര്‍ച്ചയായി വീക്ഷിക്കേണ്ടതും അപകട സാധ്യതയുള്ളപക്ഷം ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ അറിയിക്കേണ്ടതുമാണ്. പമ്പാനദിയുടെ തീരത്തുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മൈക്ക് അനൗണ്‍സ്മെന്റ് മുഖേന ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കേണ്ടതും ഇക്കാര്യം പത്തനംതിട്ട പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍/നഗരസഭാ സെക്രട്ടറി ഉറപ്പുവരുത്തേണ്ടതുമാണ്.
അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്ന എല്ലാ ആളുകളേയും ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട തഹസീല്‍ദാര്‍മാരെയും വില്ലേജ് ഓഫീസര്‍മാരെയും ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി. വനത്തിനുള്ളില്‍ അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട ജില്ലാ ഫോറസ്റ്റ് ഓഫീസറെയും പട്ടികജാതി, പട്ടിക വര്‍ഗ വികസന ഓഫീസറെയും ചുമതലപ്പെടുത്തി. ഇക്കാര്യം താലൂക്കിന്റെ ചുമതലയുള്ള റെസ്പോണ്സിബിള് ഓഫീസര്‍ (റവന്യു ഡിവിഷണല്‍ ഓഫീസര്‍, തിരുവല്ല/അടൂര്‍, ഡെപ്യുട്ടി കളക്ടര്‍മാര്‍) ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ളതും ശബരിഗിരി ജലവൈദ്യുത പ്രോജക്ടിന്റെ പരിധിയിലുള്ളതുമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലസംഭരണശേഷി 981.46 മീറ്ററാണ് (സമുദ്രനിരപ്പില്‍ നിന്നും). കെഎസ്ഇബി ലിമിറ്റഡ് നിശ്ചയിച്ചിട്ടുള്ളതും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ച് നല്‍കിയിട്ടുള്ളതുമായ 2021 ഒക്ടോബര്‍ 11 മുതല്‍ 20 വരെയുള്ള കാലയളവില്‍ റിസര്‍വോയറില്‍ സംഭരിക്കുവാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 978.83 മീറ്റര്‍ ആണ്.
പത്തനംതിട്ട ജില്ലയില്‍ 2021 ജൂണ്‍ മാസം ആരംഭിച്ച തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം മുതല്‍ 2021 സെപ്റ്റംബര്‍ 30 വരെ ലഭിച്ച മഴയുടെ അളവ് 1684.3 മില്ലീമീറ്റര്‍ ആണ്. ഇത് ശരാശരി പ്രതിവര്‍ഷം ലഭിക്കേണ്ട മഴയെക്കാള്‍ 40 മില്ലീമീറ്റര്‍ കൂടുതലാണ്. 2021 ഒക്ടോബര്‍ മാസം 1 മുതല്‍ 17 വരെ ലഭിച്ച മഴയുടെ അളവ് 583.8 മില്ലീമീറ്റര്‍ ആണ്. ഇത് ശരാശരി പ്രതിവര്‍ഷം ലഭിക്കേണ്ട മഴയെക്കാള്‍ 392.4 മില്ലീമീറ്റര്‍ കൂടുതലാണ്. ജില്ലയുടെ കിഴക്കന്‍ മേഖലയിലും വൃഷ്ടിപ്രദേശത്തും ശക്തമായ തോതില്‍ മഴ ലഭിക്കുകയും തത്ഫലമായി ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തമാകുകയും ചെയ്തു.
Adjust Story Font
16