കളമശ്ശേരി സ്‌ഫോടനം: വിദ്വേഷം പ്രചരിപ്പിച്ചതിന് പത്തനംതിട്ടയിൽ കേസ്
റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസെടുത്തത്. എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു പോസ്റ്റ്
കൊച്ചി: കളമശ്ശേരി കൺവെൻഷൻ സെന്ററിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷം വളർത്തിയതിന് പത്തനംതിട്ടയിൽ കേസ്. റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസെടുത്തത്. എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
എസ്ഡിപിഐ ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ ഫേസ്ബുക്ക് പ്രൊഫൈൽ പൊലീസ് നിരീക്ഷിച്ച് വരികയാണ്.
അതേസമയം കളമശേരി സ്ഫോടനക്കേസ് പ്രതി മാർട്ടിൻ സ്ഫോടനം നടത്തിയ ശേഷം തൃശൂരിൽ മുറിയെടുത്ത് താമസിച്ചു. ഇവിടെ നിന്നാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ പകർത്തിയതെന്നാണ് സൂചന.
കൊരട്ടിയിൽ നിന്നും തൃശൂരിലേക്കുള്ള ദേശീയപാതയില്‍ സ്ഥിതി ചെയ്യുന്ന മിറാക്കിൾ റെസിഡൻസിയിലാണ് മാർട്ടിൻ റൂം എടുത്തത്.10.45ഓടെ എടുത്ത റൂം 11 മണിയോടെ വെക്കേറ്റ് ചെയ്തു.
ഡൊമിനിക്ക് മാർട്ടിന് സാങ്കേതിക കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നാണ് പൊലീസ് അനുമാനിക്കുന്നത്. നെടുമ്പാശേരി അത്താണിയിലെ വീട്ടിൽ വെച്ചാണ് ബോംബ് നിർമാണം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞാണ് സ്ഫോടക വസ്തുക്കൾ വെച്ചത്. നാടൻ വസ്തുകളാണ് സ്ഫോടനത്തിനു ഉപയോഗിച്ചത്. സ്ഫോടനത്തിന് ശേഷം പ്രതി ഫോണിൽ സംസാരിച്ച കൊച്ചി സ്വദേശിയെയും പൊലീസ് ചോദ്യം ചെയ്യും. സ്‌ഫോടനത്തിൽ ഇതുവരെ മൂന്ന് പേരാണ് മരിച്ചത്. ചികിത്സയിലുള്ള അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
Watch Video Report
Adjust Story Font
16