Quantcast

കളമശ്ശേരി ഭീകരാക്രമണക്കേസ്; പ്രതി ഡൊമിനിക് മാർട്ടിനെതിരെയുള്ള യുഎപിഎ ഒഴിവാക്കി

കൊലപാതകം, സ്ഫോടകവസ്തു നിയമം തുടങ്ങിയ വകുപ്പുകളിലാണ് ഇനി വിചാരണ നടക്കുക

MediaOne Logo

Web Desk

  • Updated:

    2024-10-28 08:40:30.0

Published:

28 Oct 2024 6:26 AM GMT

Kalamassery blast case
X

കൊച്ചി: കളമശ്ശേരി ഭീകരാക്രമണക്കേസില്‍ പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചുമത്തിയ യുഎപിഎ വകുപ്പുകൾ ഒഴിവാക്കി. സർക്കാരിൽ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് തീരുമാനം. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി ഏപ്രിലിലാണ് കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകം, സ്ഫോടകവസ്തു നിയമം തുടങ്ങിയ വകുപ്പുകളിലാണ് ഇനി വിചാരണ നടക്കുക.

തമ്മനം സ്വദേശി ഡൊമനിക് മാർട്ടിനാണ് ഏക പ്രതി. യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പാണ് സ്‌ഫോടനം നടത്താൻ പ്രേരിപ്പിച്ചത്. സംഭവത്തിൽ മറ്റാർക്കും ബന്ധമില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

കഴിഞ്ഞ വർഷം ഒക്ടോബർ 29നാണ് കളമശ്ശേരി സാമ്രാ കൺവെൻഷൻ സെന്‍ററിലെ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 8 പേർ മരിക്കുകയും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് ഒരു വർഷം തികയുമ്പോഴാണ് കേസിൽ യുഎപിഎ ഒഴിവാക്കിയത്. യുഎപിഎക്ക്‌ സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിലാണ് നടപടി. സർക്കാർ അനുമതി നിഷേധിച്ചതിന് പിന്നിലെ കാരണം അറിയില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.

കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച് കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത്. യുഎപിഎ ഒഴിവാക്കിയതോടെ കൊലപാതകം, സ്ഫോടക വസ്തു നിയമം എന്നിവ പ്രകാരമുള്ള വിചാരണയാണ് ഇനി നടക്കുക. പ്രതി ഡൊമനിക് മാർട്ടിന്‍റേത് തീവ്രവാദ പ്രവർത്തനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കളമശ്ശേരി പൊലീസ് യുഎപിഎ ചുമത്തിയിരുന്നത്. നേരത്തെ അലൻ ഷുഹൈബ്, താഹ എന്നിവർ പ്രതികളായ പന്തീരങ്കാവ് കേസിൽ ഇടത് സർക്കാർ യുഎപിഎ ചുമത്തിയത് ഏറെ വിവാദമായിരുന്നു.



TAGS :

Next Story