Quantcast

ലക്ഷദ്വീപിലെ സാമൂഹിക സന്തുലിതാവസ്ഥ തകര്‍ക്കരുത്: ഖലീലുല്‍ ബുഖാരി തങ്ങള്‍

കേരള സര്‍ക്കാര്‍ ദ്വീപ് നിവാസികള്‍ക്ക് പിന്തുണ നല്‍കി പ്രമേയം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    25 May 2021 12:29 PM GMT

ലക്ഷദ്വീപിലെ സാമൂഹിക സന്തുലിതാവസ്ഥ തകര്‍ക്കരുത്: ഖലീലുല്‍ ബുഖാരി തങ്ങള്‍
X

ലക്ഷദ്വീപ് നിവാസികളുടെ സമാധാന ജീവിതം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പിന്‍മാറണമെന്നും വികസനത്തിന്റെയും വിനോദ സഞ്ചാരത്തിന്റെയും പേരില്‍ നടത്തിക്കൊണ്ടിരിക്കുന്ന തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി.

മഹാമാരിയും പാരിസ്ഥിതിക പ്രശ്നങ്ങളും സാമ്പത്തിക പ്രയാസങ്ങളും കൊണ്ട് നട്ടംതിരിയുകയാണ് രാജ്യം. പ്രാകൃതിക - മാനുഷിക വിഭവങ്ങളെ ഫലപ്രദമായി ഉപയോഗിച്ച് പിടിച്ച് നില്‍ക്കാനും പ്രതിസന്ധികളെ മറികടക്കാനുമാണ് ഓരോ രാജ്യങ്ങളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ജനങ്ങളെ ഒട്ടും വിശ്വാസത്തിലെടുക്കാതെയും നിത്യജീവിത മാര്‍ഗങ്ങള്‍ നിഷേധിച്ചു കൊണ്ടുമുള്ള ധിക്കാരപൂര്‍ണ്ണമായ നടപടികള്‍. ദ്വീപിനെ അസ്വസ്ഥമാക്കി അതില്‍ നിന്നും മുതലെടുക്കാനുള്ള തല്‍പര കക്ഷികളുടെ ശ്രമങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതാണ്. നാടിനെ അസ്ഥിരപ്പെടുത്തുന്ന ഇത്തരം നടപടികള്‍ക്ക് രാഷ്ട്രപതി തടയിടണം.

ടൂറിസത്തിന്റെ പേരില്‍ മദ്യമുക്ത മേഖലയായിരുന്ന ലക്ഷദ്വീപില്‍ മദ്യശാലകള്‍ക്ക് അനുമതി നല്‍കി ദ്വീപ് നിവാസികളുടെ സ്വസ്ഥജീവിതം നശിപ്പിക്കുകയാണ്. മതേതരത്വത്തിനും മത സൗഹാര്‍ദത്തിനും ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന അവിടുത്തെ ജനങ്ങളെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ ഹീനമാണ്.

കടല്‍ കനിഞ്ഞ് നല്‍കുന്ന ജീവിത വിഭവങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ജനങ്ങളെ തീരദേശ നിയമമെന്നപേരില്‍ ദ്രോഹിക്കുന്നത് അനുവദിക്കാനാവില്ല. രാജ്യത്തെ ഏറ്റവും കുറ്റകൃത്യങ്ങള്‍ കുറഞ്ഞ നാടായി ഐക്യരാഷ്ട്രസഭ തന്നെ സാക്ഷ്യപ്പെടുത്തിയതാണ്. ഇങ്ങനെയുള്ള ഒരു സമൂഹത്തെ അക്രമികളും പ്രശ്‌നക്കാരുമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും നിലവിലെ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ച് വിളിച്ച് ലക്ഷദ്വീപിലെ ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ ദ്വീപ് നിവാസികള്‍ക്ക് പിന്തുണ നല്‍കി പ്രമേയം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

TAGS :

Next Story