Quantcast

കനത്ത മഴ: കല്ലാർകുട്ടി, പെരിങ്ങൽക്കുത്ത് ഡാം ഷട്ടറുകൾ തുറന്നു; ഇടുക്കിയിൽ രാത്രിയാത്രാ നിരോധനം

മുതിരപ്പുഴ, പെരിയാർ തീരങ്ങളിൽ ഉള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    15 July 2024 2:43 PM GMT

Kallarkutty, Peringalkuth dams shutters open Due to Heavy rain and Night travel ban in Idukki
X

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി കല്ലാർകുട്ടി, തൃശൂർ പൊരിങ്ങൽക്കുത്ത് ഡാമുകളുടെ ഷട്ടറുകൾ തുറന്നു. കല്ലാർകുട്ടിയിലെ മൂന്ന് ഷട്ടറുകൾ ഉയർത്തി നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തെക്കൊഴുക്കുകയാണ്. മലയോരമേഖലകളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് ജലനിരപ്പുയർന്ന പശ്ചാത്തലത്തിലാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്.

മുതിരപ്പുഴ, പെരിയാർ തീരങ്ങളിൽ ഉള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജലനിരപ്പ് ഉയരുകയാണെങ്കിൽ പാംബ്ലാ ഡാമും തുറക്കുമെന്ന് അധികൃതർ അറിയിച്ചു. നദികളിൽ ജലനിരപ്പുയരാൻ സാധ്യതയുള്ളതിനാൽ മീൻപിടിക്കാനടക്കം ഇറങ്ങരുതെന്നും നിർദേശമുണ്ട്. ഇടുക്കിയിലെത്തുന്ന വിനോദസഞ്ചാരികൾ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോവരുതെന്നും വെള്ളച്ചാട്ടത്തിൽ ഇറങ്ങരുതെന്നും അധികൃതർ നിർദേശിച്ചു.

ജില്ലയിലെ മലയോരമേഖലയിൽ തുടരുന്ന ശക്തമായ മഴയിൽ വിവിധയിടങ്ങളിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്. കട്ടപ്പന- കുട്ടിക്കാനം സംസ്ഥാന പാതയിൽ ആലടിയിൽ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞും തിങ്കൾക്കാട് മരംവീണും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ജില്ലയിൽ രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെയാണ് നിരോധനം.

മൂന്നാർ മറയൂർ സംസ്ഥാന പാതയിൽ പെരിയവരെയിലും കട്ടപ്പന- ഇടുക്കി റോഡിലും മരംവീണ് ഗതാഗതം തടസപ്പെട്ടു. ചെറുതോണി- കട്ടപ്പന റോഡിൽ നാരകക്കാനത്ത് പാറ അടർന്നുവീണു. കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായി. അടിമാലി ടൗണിന് സമീപം മരമുൾപ്പെടെ റോഡിലേക്ക് പതിച്ചു. പാതയോരത്ത് നിർത്തിയിട്ടിരുന്ന ജീപ്പിന് മുൻ ഭാഗത്തേക്കും മണ്ണ് വീണു. മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

ശക്തമായ മഴയെതുടര്‍ന്ന് തൃശൂരിലെ പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പെരിങ്ങൽകുത്ത് ഡാമിലെ ഷട്ടറുകൾ രണ്ട് സെ.മീ വീതമാണ് ഉയർത്തിയിരിക്കുന്നത്.

അസുരന്‍കുണ്ട് ഡാമിലെ ജലനിരപ്പ് 8.80 മീറ്ററാകുമ്പോള്‍ ഡാം തുറക്കുമെന്ന് മൈനർ ഇറിഗേഷന്‍ അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞദിവസം പെയ്ത മഴയിൽ ഒമ്പത് വീടുകൾക്ക് ഭാഗികമായി കേടുപാട് സംഭവിച്ചിരുന്നു.

TAGS :

Next Story