കല്ലുവാതുക്കൽ മദ്യദുരന്തക്കേസ്: പ്രതി മണിച്ചനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫയൽ കണ്ടില്ലെന്ന് ഗവർണർ
31 പേർ മരിക്കുകയും ആറ് പേർക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്ത കേസിലെ പ്രതിക്ക് ശിക്ഷ ഇളവ് നൽകണമെന്ന ശിപാർശ രാജ്ഭവൻ ഗൗരവമായിട്ടാണ് കാണുന്നത്
കല്ലുവാതിൽക്കൽ മദ്യദുരന്തക്കേസിൽ പ്രതി മണിച്ചനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫയൽ കണ്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ ഫയൽ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും ഗവർണർ വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്കു മുൻപാണ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള മന്ത്രിസഭ ശിപാർശ ഗവർണർക്ക് കൈമാറിയത്.
മണിച്ചനെ അടക്കം 33 പേരുടെ ശിക്ഷ ഇളവ് ചെയ്യാനുള്ള സർക്കാർ ശിപാർശയിൽ ഗവർണറുടെ തീരുമാനം അടുത്താഴ്ചയുണ്ടാകുമെന്ന വാർത്തകളാിയിരുന്നു പുറത്തു വന്നിരുന്നത്. രാജ്യത്തിന്റെ സ്വാതന്ത്യലബ്ദിയുടെ 75 ാം വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായിട്ടാണ് മണിച്ചനടക്കമുള്ളവർക്ക് ശിക്ഷ ഇളവ് നൽകാനുള്ള ശിപാർശ സംസ്ഥാനസർക്കാർ തയ്യാറാക്കിയത്. കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് കഴിഞ്ഞ 20 വർഷമായി ജയിലിൽ കഴിയുന്ന മണിച്ചൻ അടക്കം 33 പേരുടെ ശിക്ഷ ഇളവ് ചെയ്ത് നൽകണമെന്നാണ് സർക്കാർ തീരുമാനിച്ചത്.
സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവർണർ ഇന്നാണ് കേരളത്തിൽ തിരിച്ചെത്തിയത്. ബുധനാഴ്ചക്കുള്ളിൽ സർക്കാർ ശിപാർശയിൽ ഗവർണറുടെ തീരുമാനമുണ്ടാകുമെന്നാണ് സൂചന. 31 പേർ മരിക്കുകയും ആറ് പേർക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്ത കേസിലെ പ്രതിക്ക് ശിക്ഷ ഇളവ് നൽകണമെന്ന ശിപാർശ രാജ്ഭവൻ ഗൗരവമായിട്ടാണ് കാണുന്നത്. അത് കൊണ്ട് തന്നെ മന്ത്രിസഭ ശിപാർശയിൽ ഗവർണർ വിശദീകരണമോ നിയമോപദേശമോ തേടാനുള്ള സാധ്യതയും തള്ളിക്കയണ്ടതില്ല. ജീവപര്യന്തം എന്നത് ജീവിതാവസാനം വരെയാണെന്ന് വിചാരണക്കോടതി വിധിന്യായത്തിൽ പ്രത്യേകം പറഞ്ഞതും ഗവർണ്ണർ പരിശോധിച്ചേക്കും. മണിച്ചന് വിടുതൽ നൽകണമെന്ന ഹരജി ഈ മാസം 19 ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. അതിന് മുന്നോടിയായി ഗവർണ്ണറുടെ തീരുമാനം വരുമെന്ന പ്രതിക്ഷയിലാണ് സർക്കാർ.
Adjust Story Font
16