Quantcast

22 വർഷത്തെ ജയിൽവാസം; കല്ലുവാതുക്കൽ മദ്യദുരന്ത കേസ് പ്രതി മണിച്ചന് ഒടുവിൽ മോചനം

മണിച്ചനെ മോചിപ്പിക്കാൻ 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന വ്യവസ്ഥ കോടതി റദ്ദാക്കി.

MediaOne Logo

Web Desk

  • Published:

    19 Oct 2022 7:41 AM GMT

22 വർഷത്തെ ജയിൽവാസം; കല്ലുവാതുക്കൽ മദ്യദുരന്ത കേസ് പ്രതി മണിച്ചന് ഒടുവിൽ മോചനം
X

ന്യൂഡൽഹി: കല്ലുവാതുക്കൽ മദ്യദുരന്ത കേസ് പ്രതി മണിച്ചനെ ജയിൽ മോചിതനാക്കാൻ സുപ്രിംകോടതി ഉത്തരവ്. മണിച്ചനെ മോചിപ്പിക്കാൻ 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന വ്യവസ്ഥ കോടതി റദ്ദാക്കി.

30,45,000 രൂപ പിഴത്തുകയായി കെട്ടിവെക്കാതെ മണിച്ചനെ മോചിപ്പിക്കാനാകില്ലെന്ന നിലപാടാണ് നേരത്തെ സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നത്. മണിച്ചന്‍ പിഴ അടച്ചാല്‍ ആ തുക മദ്യദുരന്ത കേസിലെ ഇരകള്‍ക്ക് കൈമാറുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പക്ഷെ, ജീവപര്യന്തത്തിൽ നിന്ന് വധശിക്ഷയിലേക്ക് എത്തി നിൽക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് മണിച്ചനു വേണ്ടി ഹാജരായ അഭിഭാഷക കോടതിയിൽ ചൂണ്ടിക്കാട്ടി.22 വർഷക്കാലത്തോളം ജയിലിൽ കഴിഞ്ഞ ഒരു വ്യക്തിക്ക് എങ്ങനെയാണ് പിഴത്തുക കെട്ടിവെക്കാൻ സാധിക്കുകയെന്നും അഭിഭാഷക ചോദിച്ചു.

ജയിലിൽ കിടന്നു മരിച്ചുപോകുന്ന അവസ്ഥയിലാണ് മണിച്ചനെന്നും അഭിഭാഷക കോടതിയെ ബോധിപ്പിച്ചു. ഇത് കണക്കിലെടുത്ത കോടതി അടിയന്തരമായി മണിച്ചനെ മോചിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.

2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. 31 പേർ മരിക്കുകയും ആറ് പേർക്ക് കാഴ്ച നഷ്ടമാവുകയും ചെയ്‌തു. 150 പേരാണ് അന്ന് ചികിത്സ തേടിയത്. കൊല്ലം കല്ലുവാതുക്കലിൽ ഹയറുന്നീസ എന്ന സ്ത്രീ നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തിൽ നിന്ന് മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായിരുന്നു തുടക്കം. പിന്നീടതൊരു ദുരന്തത്തിൽ കലാശിക്കുകയായിരുന്നു.

വാറ്റു കേന്ദ്രം നടത്തിയ ഹയറുന്നീസയും കൂട്ടാളികളും പൊലീസ് പിടിയിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹയറുന്നിസയുടേത് വ്യാജ വാറ്റു കേന്ദ്രമാണെന്ന് വെളിപ്പെട്ടു. വാറ്റുകേന്ദ്രം നടത്താൻ രാഷ്ട്രീയ സഹായമുണ്ടായിരുന്നുവെന്ന് ഹയറുന്നീസ വെളിപ്പെടുത്തിയതോടെ ഇടതുസർക്കാറിനേറ്റ ഏറ്റവും വലിയ കളങ്കമായി കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം മാറി.

ഹയറുന്നിസയുടെ കൂട്ടാളിയായിരുന്നു മണിച്ചൻ. മണിച്ചൻ വീട്ടിലെ ഭൂഗർഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചിരുന്നത്. വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തത്തിന്റെ വ്യാപ്‌തി കൂടാൻ കാരണമെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേസിൽ മണിച്ചൻ ഉൾപ്പെടെ 26 പേർ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. ഒന്നാം പ്രതി ഹൈറുന്നിസ 2009ൽ ശിക്ഷയ്ക്കിടെ മരിച്ചു. പ്രതികളായ മണിച്ചന്‍റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി മോചിപ്പിച്ചിരുന്നു.

TAGS :

Next Story