കലൂര്‍ സ്റ്റേഡിയം അപകടം; സ്റ്റേജ് ദുര്‍ബലം, ഇരുമ്പ് കാലുകൾ ഉറപ്പിച്ചിരുന്നത് കോൺക്രീറ്റ് ഇഷ്ടികയ്ക്ക് മുകളിലെന്നും റിപ്പോര്‍ട്ട്
സ്റ്റേജിന്‍റെ മുൻ ഭാഗത്തിന് ചെരിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ ഉമ തോമസ് എംഎല്‍എക്ക് പരിക്കേല്‍ക്കാനിടയായ സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് പൊലീസിന് കൈമാറി. സ്റ്റേജ് ദുർബലമായി നിർമിച്ചതാണെന്നും സ്റ്റേജിന്‍റെ മുൻ ഭാഗത്തിന് ചെരിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇരുമ്പ് കാലുകൾ ഉറപ്പിച്ചിരുന്നത് കോൺക്രീറ്റ് ഇഷ്ടികയ്ക്ക് മുകളിലാണ്. കൈവരികൾ സ്ഥാപിക്കാതിരുന്നത് അപകടത്തിന് കാരണമായി. കോൺക്രീറ്റ് കട്ടകൾ പൊടിഞ്ഞുപോകാൻ സാധ്യതയുണ്ടായിരുന്നു. അങ്ങനെയെങ്കിൽ സ്റ്റേജ് തകരുമായിരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു. അശാസ്ത്രീയമായ നിർമാണമാണ് നടത്തിയതെന്നും പിഡബ്യൂഡി പൊലീസിനെ അറിയിച്ചു.
അതേസമയം പരിപാടിക്കിടെ ഉമ തോമസ് വീഴുന്ന ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലാദിത്യ എംഎല്‍എയെ പിടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഘാടകരിൽ ഒരാൾ ഉമാ തോമസിനോട് കസേര മാറിയിരിക്കാൻ ആവശ്യപ്പെട്ടപ്പോള്‍ സമീപമുള്ള സ്ത്രീയെ മറികടക്കുന്നതിന്നിടെ വീഴുകയായിരുന്നു. റിബണിൽ പിടിച്ചെങ്കിലും താഴേയ്ക്ക് വീണു.
കലൂർ സ്റ്റേഡിയത്തിലെ അപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പ്രതികൾ ഇന്ന് കീഴടങ്ങിയേക്കും. മൃദംഗ വിഷൻ മുഖ്യ ചുമതലക്കാരൻ എം.നിഗോഷ് കുമാർ , ഓസ്കർ ഇവന്‍റ് മാനേജ്മെന്‍റ് നടത്തിപ്പുകാരൻ ജിനേഷ് എന്നിവരോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പ് കീഴടങ്ങിയില്ലെങ്കിൽ പൊലീസിന് അറസ്റ്റിലേക്ക് കടക്കാമെന്നും കോടതി ഉത്തരവിട്ടിരുന്നു.
സ്റ്റേജിൽ നിന്നും വീണ് എംൽഎക്ക് പരിക്കേറ്റ സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്. എംഎല്‍എക്ക് ഗുരുതര പരിക്ക് പറ്റിയതിന് പിന്നാലെ സുരക്ഷാകാര്യത്തില്‍ വന്‍ വീഴ്ചയുണ്ടായെന്ന് വ്യക്തമായിരുന്നു. നൃത്തപരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളില്‍ നിന്ന് വ്യാപകമായി പണപ്പിരിവ് നടത്തിയതില്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.
Adjust Story Font
16