'പൊലീസിനെക്കുറിച്ച് കേരളത്തിലെ സിപിഐ വിമര്‍ശനമുന്നയിച്ചിട്ടില്ല': ആനി രാജയെ തള്ളി കാനം
കേരള പൊലീസില്‍ ആർഎസ്‌എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുവെന്നാണ് ആനി രാജ പറഞ്ഞത്
കേരള പൊലീസിനെതിരെ സിപിഐ ദേശീയ നേതാവ് ആനി രാജ ഉന്നയിച്ച വിമര്‍ശനങ്ങളെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐയുടെ കേരളത്തിലെ നേതാക്കളാരും പൊലീസിനെ കുറിച്ച് വിമർശനമുന്നയിച്ചിട്ടില്ല. കേരളത്തിലെ പാർട്ടിക്ക് അത്തരമൊരു അഭിപ്രായമില്ലെന്നും കാനം വ്യക്തമാക്കി.
കേരളത്തിലെ പാര്‍ട്ടിയുടെ നിലപാട് ആനി രാജയെ അറിയിച്ചിട്ടുണ്ട്. അത് പാര്‍ട്ടിയിലെ ആഭ്യന്തര വിഷയമാണ്. വിവാദമാക്കേണ്ട ആവശ്യമില്ലെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.
കേരള പൊലീസില്‍ ആർഎസ്‌എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുവെന്നാണ് ആനി രാജ പറഞ്ഞത്. സർക്കാർ നയത്തിനെതിരെ പൊലീസ് പ്രവർത്തിക്കുന്നു. ഒന്നാം പിണറായി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും നല്ല രീതിയിലാണ് സ്ത്രീകളുടെയും കുട്ടികളുടെയും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പക്ഷേ സര്‍ക്കാരിന്‍റ പ്രതിച്ഛായയെ ഇടിച്ചുതാഴ്ത്തുന്നതിനായി ആര്‍എസ്എസിന്‍റെ ഒരു വിഭാഗം കേരള പൊലീസില്‍ പ്രവര്‍ത്തിക്കുന്നു. അങ്ങനെയാണ് സര്‍ക്കാരിന്‍റെ പ്രതിച്ഛായ മോശമാകുന്നത്. പൊലീസ് കേരള സർക്കാരിന് ദേശീയ തലത്തില്‍ നാണക്കേട് ഉണ്ടാക്കിയെന്നും ആനി രാജ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ കാര്യങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തോട് ആലോചിക്കാതെ ആനി രാജ നടത്തിയ പരാമര്‍ശത്തിനെതിരെ കാനം രാജേന്ദ്രന്‍ കേന്ദ്രനേതൃത്വത്തിന് നേരത്തെ കത്ത് നല്‍കിയിരുന്നു. മുന്നണി ബന്ധത്തില്‍ ഉലച്ചില്‍ തട്ടുന്ന തരത്തിലുള്ള പ്രസ്താവനകള്‍ പാടില്ലെന്ന ആവശ്യം സംസ്ഥാന നേതൃത്വം മുന്നോട്ടുവെക്കും. അടുത്താഴ്ച ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗവും ആനി രാജയുടെ പ്രസ്താവന ചര്‍ച്ച ചെയ്യും.
Adjust Story Font
16