കാഞ്ഞങ്ങാട് ആശുപത്രി മാര്‍ച്ചില്‍ പ്രവർത്തന സജ്ജമാകുമെന്ന് ആരോഗ്യ മന്ത്രി
കഴിഞ്ഞ ഡിസംബറിൽ ആരോഗ്യ മന്ത്രി ആശുപത്രി വീണ്ടും ഉദ്ഘാടനം ചെയ്ത് രണ്ട് മാസത്തിനകം പ്രവർത്തനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു
കാസര്‍കോഡ്: കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മാര്‍ച്ചില്‍ പ്രവർത്തന സജ്ജമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 2021 ഫെബ്രുവരിയിൽ ആണ് മുൻ മന്ത്രി കെ.കെ ശൈലജ ആശുപത്രി ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ഡിസംബറിൽ ആരോഗ്യ മന്ത്രി ആശുപത്രി വീണ്ടും ഉദ്ഘാടനം ചെയ്ത് രണ്ട് മാസത്തിനകം പ്രവർത്തനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു.
കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ പേരിൽ ഉദ്ഘാടനങ്ങൾക്കും പ്രഖ്യാപനങ്ങൾക്കും കുറവുണ്ടായിരുന്നില്ല. എന്നാൽ ആശുപത്രി മാത്രം പ്രവർത്തന സജ്ജമായില്ല. 2021 ഫെബ്രുവരിയിൽ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഒരു വട്ടം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം ചെയ്ത് വർഷങ്ങളായിട്ടും പ്രവർത്തനം തുടങ്ങാത്തതിൽ പ്രതിഷേധം ഉയർന്നതോടെ കഴിഞ്ഞ വർഷം ഡിസംബറിൽ ഇപ്പോഴത്തെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് എത്തി വീണ്ടും ഉദ്ഘാടനം നടത്തി. 2 മാസത്തിനകം പ്രവർത്തനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. ഭൂരിഭാഗം ജോലികളും പൂർത്തിയായ ആശുപത്രി പക്ഷേ തുറക്കാൻ നടപടി ഉണ്ടായില്ല.
സർക്കാർ 9.4 കോടി ചിലവിൽ നിർമ്മിച്ച 150 കിടക്കകളുള്ള ആശുപത്രി പൂട്ടി കിടക്കുകയാണ്. ജില്ലയിലെ ആരോഗ്യ മേഖലയിലെ വിഷയങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ വിളിച്ച് ചേർത്ത പ്രത്യേക യോഗത്തിൽ 2 മാസത്തിനകം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തുറക്കുമെന്ന് ആരോഗ്യ മന്ത്രി വീണ്ടും പ്രഖ്യാപിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആവശ്യമായ തസ്തികകൾ സൃഷ്ടിക്കാതെയാണ് 2 മാസത്തിനകം ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം.
Adjust Story Font
16