Quantcast

മാമ്പഴ മോഷണക്കേസില്‍ പ്രതിയായ പൊലീസുകാരനെ പിരിച്ചുവിടും

ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാര്‍ക്കെതിരായ നടപടിയുടെ തുടര്‍ച്ചയായിട്ടാണ് തീരുമാനം

MediaOne Logo

Web Desk

  • Published:

    15 Feb 2023 1:48 AM GMT

PV Shihab
X

പി.വി ഷിഹാബ്

ഇടുക്കി: മാമ്പഴ മോഷണക്കേസില്‍ പ്രതിയായ പൊലീസുകാരനെ പിരിച്ചുവിടും. ഇടുക്കി എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി.വി ഷിഹാബിന് ഡിജിപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാര്‍ക്കെതിരായ നടപടിയുടെ തുടര്‍ച്ചയായിട്ടാണ് തീരുമാനം. കഴിഞ്ഞ സെപ്തംബര്‍ 28ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന വഴി മുണ്ടക്കയത്തെ പഴക്കടയില്‍ നിന്നാണ് ഷിഹാബ് മാമ്പഴം മോഷ്ടിച്ചത്. പഴക്കടക്കാരന്‍ പരാതി ഇല്ലെന്ന് അറിയിച്ചതോടെ കോടതി കേസ് തീര്‍പ്പാക്കിയിരുന്നു. എന്നാല്‍ പൊലീസിന് നാണക്കേടായി മാറിയ സംഭവത്തിൽ നടപടി എടുക്കാനാണ് ഡിജിപിയുടെ നിർദേശം.



ഇടുക്കി എസ്.പി വി.യു.കുര്യാക്കോസാണ് പിരിച്ചുവിടലിന് മുന്നോടിയായുള്ള നോട്ടീസ് നല്‍കിയത് . മാങ്ങാ മോഷണം കൂടാതെ ഷിഹാബിനെതിരെ മറ്റ് രണ്ട് കേസുകള്‍ കൂടി ഉണ്ട് . ക്രിമിനല്‍ പശ്ചാത്തലത്തിന്‍റെ പേരില്‍ ഒരു മാസത്തിനകം പിരിച്ചുവിടല്‍ നടപടി നേരിടുന്ന ആറാമത്തെ പൊലീസുകാരനാണ് ഷിഹാബ്. കോട്ടയം മെഡിക്കൽ കോളജിലെ സുരക്ഷാ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ഇയാള്‍ മാമ്പഴം മോഷ്ടിച്ചത്. 10 കിലോയിലേറെ മാമ്പഴമാണ് ഇയാൾ മോഷ്ടിച്ച് സ്കൂട്ടറിനുള്ളിലാക്കി കൊണ്ടുപോയത്. മോഷണത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് പൊലീസുകാരനാണെന്ന് തിരിച്ചറിഞ്ഞത്.



ഷിഹാബ് ബലാത്സംഗക്കേസിലും പ്രതിയാണ്. 2019ലാണ് മുണ്ടക്കയം പൊലീസ് ഇയാള്‍ക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിനും ഉപദ്രവിക്കാന്‍ ശ്രമിച്ചതിനും പൊലീസുകാരനെതിരെ കേസെടുത്തിരുന്നു.

TAGS :

Next Story