കണ്ണപുരം അപകടം: ബൈക്ക് യാത്രികർ മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളെന്ന് പൊലീസ്
പരിക്കേറ്റ് ചികിത്സക്കായി മെഡിക്കല്‍ കോളേജില്‍ എത്തിച്ച മാലിക്കുദ്ദീന്റെ വസ്ത്രങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്
കണ്ണൂർ: കഴിഞ്ഞ ദിവസം കണ്ണൂർ കണ്ണപുരത്ത് അപകടത്തില്‍പെട്ട ബൈക്ക് യാത്രികര്‍ മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളെന്ന് പൊലീസ്. പരിക്കേറ്റ് ചികിത്സക്കായി മെഡിക്കല്‍ കോളേജില്‍ എത്തിച്ച മാലിക്കുദ്ദീന്റെ വസ്ത്രങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. മാലിക്കിൽ നിന്നാണ് 10 ഗ്രാം എം.ഡി.എം.എ ഉള്‍പ്പെടെ മാരകമായ മയക്കുമരുന്നുകൾ കണ്ടെത്തി. പരിയാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപം പഴയങ്ങാടി- പാപ്പിനിശേരി കെ.എസ്.ടി.പി. റോഡിലായിരുന്നു കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. കര്‍ണ്ണാടക ചിക്മംഗ്ലൂര്‍ ബാലന്നോര്‍ ശാന്തിപുര സ്വദേശി മുഹമ്മദ് ഷംഷിര്‍(25) അപകടത്തിൽ മരിച്ചിരുന്നു. കാർ ഡ്രെവർ മോറാഴ സ്വദേശി രാധാകൃഷ്ണൻ അത്ഭുതകരമായി രക്ഷപെട്ടു. രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.കണ്ണൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സാണ് തീയണച്ചത്.
മാലിക്കിന്റെ നില അതീവഗുരുതരമായതിനാല്‍ കൂടുതല്‍ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. പരിയാരം കണ്ണൂര്‍ ഗവ.ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മാലിക്കിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ച ഷംഷീറിന്റെയും മാലിക്കിന്റെയും ബന്ധുക്കളില്‍ നിന്ന് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ബാലന്നോര്‍ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടും പരിയാരം പോലീസ് ഇവരുടെ വിവരം ശേഖരിച്ചിട്ടുണ്ട്.
കൂട്ടിയിടിയില്‍ വാഹനങ്ങള്‍ കത്തിയതുമായി ബന്ധപ്പെട്ട് ഫോറന്‍സിക് പരിശോധനകള്‍ ഇന്നലെ തന്നെ ആരംഭിച്ചിരുന്നു. ബൈക്കില്‍ ഫുള്‍ടാങ്ക് പെട്രോള്‍ ഉണ്ടായിരുന്നതിനാല്‍ കൂട്ടിയിടിയില്‍ ടാങ്ക് പൊട്ടിയതായിരിക്കാം അപകടകാരണമെന്നാണ് പ്രാഥമികസൂചന.
Adjust Story Font
16