Quantcast

പത്താം ക്ലാസിന് ശേഷം ചിട്ടിക്കമ്പനിയിൽ ജോലിക്ക്;പക്ഷേ കാലം കരുതി വെച്ചത് ജനനായകന്റെ വേഷം

കണ്ണൂരിലെ രാഷ്ട്രീയ കളരിയിൽ നിന്ന് ആർജ്ജിച്ച ഊർജ്ജവുമായാണ് കോടിയേരി ബാലകൃഷ്ണൻ സി പി എമ്മിന്റെ പോളിറ്റ് ബ്യൂറോയോളം വളർന്ന നേതാവായത്

MediaOne Logo

Web Desk

  • Updated:

    2022-10-02 01:07:46.0

Published:

2 Oct 2022 1:03 AM GMT

പത്താം ക്ലാസിന് ശേഷം ചിട്ടിക്കമ്പനിയിൽ ജോലിക്ക്;പക്ഷേ കാലം കരുതി വെച്ചത് ജനനായകന്റെ വേഷം
X

കണ്ണൂർ: കണ്ണൂരിലെ രാഷ്ട്രീയ കളരിയിൽ നിന്ന് ആർജ്ജിച്ച ഊർജ്ജവുമായാണ് കോടിയേരി ബാലകൃഷ്ണൻ സി പി എമ്മിന്റെ പോളിറ്റ് ബ്യൂറോയോളം വളർന്ന നേതാവായത്. ഒണിയൻ സ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ കെ.എസ്.എഫിന്റെ യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയത്തിൽ തുടക്കം. പ്രീ ഡിഗ്രി കാലത്ത് പാർട്ടി ബ്രാഞ്ച് സെക്രട്ടറി. തലശേരി കലാപത്തിൽ വർഗീയ ശക്തികൾക്കെതിരായ ചെറുത്ത് നിൽപ്പിന്റെ മുന്നണി പോരാളിയായി. തുടർന്നങ്ങോട്ട് രാഷ്ട്രീയ കേരളം അതിശയത്തോടെ വീക്ഷിച്ച നേതൃപാടവത്തിന്റെ വിളിപ്പേര് കൂടിയാണ് കോടിയേരി ബാലകൃഷ്ണൻ.

കോടിയേരി, എന്നത് കേരളത്തിലെ ഇടത് പക്ഷ പ്രസ്ഥാനത്തിന് കേവലമൊരു സ്ഥല നാമമല്ല. പാർട്ടി അണികൾ ചെങ്കൊടിക്കൊപ്പം മനസിൽ ചേർത്ത വികാരമാണ്.

കേരളത്തിന്റെ രാഷ്ട്രീയ മനസിൽ കമ്മ്യൂണിസ്റ്റുകാരന്റെ പതിവ് കാർക്കശ്യങ്ങളൊന്നുമില്ലാതെ കുടിയേറിയ സൗമ്യ മുഖം. ചിരിക്കുന്ന മുഖം ആയുധവും പ്രത്യയ ശാസ്ത്രവുമായി കരുതിയ ജന നേതാവ്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തുടർന്ന് പഠിപ്പിക്കാതെ വീട്ടുകാർ ചെന്നൈയിലെ ചിട്ടിക്കമ്പനിയിൽ ജോലിക്ക് അയച്ച ബാലകൃഷ്ണന് പക്ഷേ കാലം കരുതി വെച്ചിരുന്നത് ജനനായകന്റെ വേഷമായിരുന്നു. കാലാവസ്ഥ പ്രതികൂലമായതോടെ നാട്ടിലേക്ക് മടങ്ങിയ ബാലകൃഷ്ണൻ മാഹി എം ജി കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു. ഇവിടെ കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്ക് നോമിനേഷൻ കൊടുക്കുമ്പോൾ സുഹൃത്ത്

മൂഴിക്കര ബാലകൃഷ്ണനാണ് പേരിനൊപ്പം കോടിയേരി എന്ന സ്ഥല നാമം ചാർത്തി നൽകിയത്. അത് പിന്നീട് രാജ്യമറിയുന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേരായി വളർന്നു. പതിനെട്ട് ആണ് പാർട്ടി അംഗമാകാനുളള പ്രായമെങ്കിലും 16 കഴിഞ്ഞപ്പോൾ കോടിയേരി പാർട്ടി അംഗമായി. 1973 മുതൽ 79 വരെ കോടിയേരി ലോക്കൽ സെക്രട്ടറി ആയി. ആ വർഷം എസ് എഫ് ഐയുടെ സംസ്ഥാന സെക്രട്ടറിയായി. അടിയന്തരാവസ്ഥയിൽ പതിനാറ് മാസം മിസാ തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞു.

80 മുതൽ 82 വരെ ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു. മുപ്പത്തിയാറാം വയസിൽ പാർട്ടിയുടെ കരുത്തൻ കോട്ടയായ കണ്ണൂരിൽ സി.പി.എമ്മിനെ നയിക്കാൻ നിയോഗിക്കപ്പെട്ടു. കണ്ണൂർ രാഷ്ട്രീയം പകർന്ന് നൽകിയ ആ ചൂടും ചൂരുമാണ് കോടിയേരി ബാലകൃഷ്ണൻ എന്ന നേതാവിന്റെ രാഷട്രീയ ജീവിതത്തിന് കരുത്തും കരുതലുമായി നിന്നത്.

അർബുദ ബാധിതനായി ചെന്നൈയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് കോടിയേരി അന്തരിച്ചത്.മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.രാവിലെ 9.30 ന് ചെന്നൈയിൽ നിന്ന് എയർ ആംബുലൻസിൽ പുറപ്പെടും. 11 മണിയോടെ കണ്ണൂരിലെത്തും. വിമാനത്താവളത്തിൽ നിന്ന് വിലാപയാത്രയായി മൃതദേഹം തലശ്ശേരിയിലേക്ക് കൊണ്ടുപോകും . വൈകിട്ട് മൂന്ന് മണി മുതൽ മൃതദേഹം തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും.

നാളെ വൈകിട്ട് കണ്ണൂർ പയ്യാമ്പലത്താണ് സംസ്‌കാരം. ടൗൺഹാളിലും മാടപ്പീടികയിലെ വസതിയിലും പൊതുദർശനത്തിന് വെച്ചശേഷമാണ് മൃതദേഹം പയ്യാമ്പലത്തെത്തിക്കുക. ആദരസൂചകമായി തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ തിങ്കളാഴ്ച ഹർത്താൽ ആചരിക്കും.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഗവർണറുമടക്കമുള്ളവർ അപ്പോളോ ആശുപത്രിയിലെത്തി കോടിയേരിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

TAGS :

Next Story