കണ്ണൂരില്‍ കാര്‍ കത്തി ദമ്പതികള്‍ മരിച്ച സംഭവം: കാരണം ഷോർട് സർക്യൂട്ടെന്ന് ആർ.ടി.ഒ
ഹൈക്കോടതിയിൽ ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുമെന്ന് ആർ.ടി.ഒ
തീപ്പിടിച്ച കാര്‍
കണ്ണൂര്‍: കണ്ണൂരിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ കാർ അപകടത്തിന് കാരണം ഷോർട് സർക്യൂട്ട് തന്നെയെന്ന് കണ്ണൂർ ആർ.ടി.ഒ ഉണ്ണികൃഷ്ണൻ. വാഹനത്തിൽ നിന്ന് നേരത്തെ തന്നെ പുക ഉയർന്നതായി ദൃക്സാക്ഷികൾ മൊഴി തന്നിട്ടുണ്ട്. എന്നാൽ ആശുപത്രിയിൽ എത്താനുള്ള ധൃതിക്കിടെ പുക ഗൗനിക്കാതിരുന്നത് അപകടത്തിന്‍റെ ആഴം കൂട്ടി. ഹൈക്കോടതിയിൽ ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുമെന്നും ആർ.ടി.ഒ മീഡിയവണിനോട് പറഞ്ഞു.
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചാണ് ഗർഭിണിയും ഭർത്താവും മരിച്ചത്. കണ്ണൂർ കുറ്റ്യാട്ടൂർ സ്വദേശികളായ റീഷ, ഭർത്താവ് പ്രജിത്ത് എന്നിവരാണ് മരിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന ഇവരുടെ മകൾ അടക്കം നാല് പേരെ രക്ഷപ്പെടുത്തി.
ഇന്നലെ രാവിലെ 10.38ന് കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമാണ് ദാരുണമായ അപകടമുണ്ടായത്. പൂർണ ഗർഭിണിയായ റീഷയെ പ്രസവത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയാണ് അപകടം. ആശുപത്രിയിൽ എത്താൻ 50 മീറ്റർ മാത്രം ശേഷിക്കെ കാറിൽ നിന്ന് പുക ഉയർന്നു. വാഹനം നിർത്തിയ പ്രജിത്ത് കാറിൽ ഉള്ളവരോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. പിൻസീറ്റിലുണ്ടായിരുന്ന ഇവരുടെ മകൾ ശ്രീ പാർവതി, റീഷയുടെ പിതാവ് വിശ്വനാഥൻ, മാതാവ് ശോഭന, സഹോദരി സജിന എന്നിവർ പുറത്തിറങ്ങി. എന്നാൽ മുൻസീറ്റിൽ യാത്ര ചെയ്ത പ്രജിത്തിനും ഭാര്യ റീഷയ്ക്കും രക്ഷപ്പെടാനായില്ല. മുൻ വാതിൽ തുറക്കാൻ കഴിയാതിരുന്നതിനാൽ ഇരുവരും വാഹനത്തിനുള്ളിൽ പെട്ടു. പിന്നാലെ കാർ പൂർണമായും അഗ്നിക്കിരയാവുകയായിരുന്നു. സ്ഥലത്ത് എത്തിയ ഫയർ ഫോഴ്സ് തീ അണച്ച ശേഷം വാതിൽ വെട്ടി പൊളിച്ചാണ് പ്രജിത്തിനെയും റീഷയെയും പുറത്തെടുത്തത്.
Adjust Story Font
16