'ദിവ്യയെ പരിപാടിയിലേക്ക് ഞാൻ ക്ഷണിച്ചിട്ടില്ല, കോള്‍ റെക്കോഡുകള്‍ അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്': കണ്ണൂര്‍ കലക്ടര്‍
നവീന്‍ ബാബുവിന് അവധി നല്‍കുന്നത് സംബന്ധിച്ച് വിഷയങ്ങളുണ്ടായിരുന്നില്ലെന്ന് കലക്ടര്‍
കണ്ണൂർ: എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് താൻ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ. ഇക്കാര്യം അന്വേഷണസംഘത്തിന് മൊഴി നൽകിയതായും കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ കോൾ റെക്കോർഡ് അടക്കമുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്. യാത്രയയപ്പിന് മുമ്പ് ദിവ്യയുടെ ഫോൺ കോൾ വന്നിട്ടുണ്ട്. എന്നാൽ യാത്രയയപ്പ് ചടങ്ങിന് ശേഷം ദിവ്യയുമായി ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നവീൻ ബാബുവിന് അവധി നൽകിയിരുന്നില്ലെന്ന കുടുംബത്തിന്റെ ആരോപണവും കലക്ടർ തള്ളി. എഡിഎം നവീൻ ബാബുവും താനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അവധി സംബന്ധിച്ച് വിഷയങ്ങളുണ്ടായിരുന്നില്ല. അത് ഇവിടെ പരിശോധിച്ചാൽ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം മാറ്റത്തിന് അപേക്ഷ നൽകിയിട്ടില്ല. അത് സർക്കാർ തീരുമാനിക്കുന്നതിന് അനുസരിച്ച് ചെയ്യുമെന്നും കലക്ടർ പറഞ്ഞു.
ഇന്നലെ രാത്രിയിലാണ് അന്വേഷണ സംഘം കലക്ടറുടെ മൊഴിയെടുത്തത്. ഔദ്യോഗിക വസതിയിൽ രാത്രി എത്തിയാണ് പൊലീസ് മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ എസ്എച്ച്ഒ ആണ് മൊഴിയെടുത്തത്.
Adjust Story Font
16