സാമൂഹിക മാധ്യമങ്ങളിലൂടെ സംഘടനയെ താറടിച്ച് കാണിക്കാൻ ശ്രമിക്കുന്നു; പി ജയരാജന്റെ മകനെതിരെ ഡി.വൈ.എഫ്.ഐ
ഡി.വൈ.എഫ്.ഐ. പാനൂര്‍ ബ്ലോക്ക് സെക്രട്ടറിയ്‌ക്കെതിരെയുള്ള ജെയിൻ രാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് ആരോപണം.
കണ്ണൂർ: സി.പി.എം. നേതാവ് പി. ജയരാജന്റെ മകന്‍ ജയിൻ രാജിനെതിരെ കണ്ണൂർ ഡി.വൈ.എഫ്.ഐ കമ്മിറ്റി. സാമൂഹിക മാധ്യമങ്ങളിലൂടെ സംഘടനയെയും നേതാക്കളെയും താറടിച്ച് കാണിക്കാൻ ശ്രമിക്കുന്നു എന്ന് കണ്ണൂർ ഡി.വൈ.എഫ്.ഐ കമ്മിറ്റി ആരോപിച്ചു. ഡി.വൈ.എഫ്.ഐ. പാനൂര്‍ ബ്ലോക്ക് സെക്രട്ടറിയ്‌ക്കെതിരെയുള്ള ജെയിൻ രാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് ആരോപണം.
കഴിഞ്ഞ ദിവസമാണ് ജെയിൻ പാനൂര്‍ ബ്ലോക്ക് സെക്രട്ടറി കിരണിന്റെ മോശം ഭാഷയിലുള്ള ഒരു കമന്റിനെ വിമർശിച്ച് കൊണ്ട് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടത്. കൂടാതെ അര്‍ജുന്‍ ആയങ്കി എന്ന സ്വര്‍ണക്കടത്ത് കേസില്‍ പങ്കുള്ള ഒരാളാടൊപ്പം കിരണ്‍ വിവാഹത്തില്‍ പങ്കെടുക്കുന്ന ഫോട്ടോയും ജെയിൻ പങ്കുവെച്ചു. ഇതിനു പിന്നാലെയാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവന പുറത്തിറക്കിയത്.
ഡി.വൈ.എഫ്.ഐയേയും നേതാക്കളെയും താറടിച്ചു കാണിക്കാന്‍ ശ്രമം നടത്തുന്നു എന്ന് ജെയ്‌നിന്റെ പേര് എടുത്ത് പറയാതെയാണ് ഡി.വൈ.എഫ്.ഐ പ്രസ്താവനയിൽ പറയുന്നത്. കൂടാതെ ദുഷ്ടലാക്കോടെയുള്ള കുബുദ്ധികളുടെ ശ്രമമാണിതെന്നും ആക്ഷേപമായി ഉന്നയിക്കുന്നു. വ്യാജ ഐഡികൾ ഉണ്ടാക്കി വ്യക്തിഹത്യ നടത്തുന്നുവെന്നും ആരോപണത്തിൽ പറയുന്നു.
ഡി.വൈ.എഫ്.ഐയുടെ പ്രസ്താവനയുടെ പൂർണരൂപം
പ്രസ്താവന
സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി ഡി.വൈ.എഫ്.ഐ യെയും പാനൂർ ബ്ലോക്ക് സെക്രട്ടറിയായ കിരണിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അഭ്യർത്ഥിക്കുന്നു. സഭ്യേതരഭാഷ ഉപയോഗിച്ച് വ്യക്തികളെയും മറ്റും ആക്ഷേപിക്കുന്നതിന് സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അത് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കുന്നില്ലെന്നും ഡി.വൈ.എഫ്.ഐ ആവർത്തിച്ച് വ്യക്തമാക്കിയതാണ്. സഭ്യമല്ലാത്ത ഭാഷയിൽ ഡിവൈഎഫ്‌ഐക്കും നേതാക്കൾക്കും എതിരെ ആര് പ്രതികരണങ്ങൾ നടത്തിയാലും സഭ്യമായ ഭാഷയിൽ തന്നെയായിരിക്കണം മറുപടി പറയേണ്ടത്. ഇപ്പോൾ ചിലർ ഉയർത്തികൊണ്ടുവന്ന വിഷയം ഒരു വർഷം മുൻപ് തന്നെ ഡി.വൈ.എഫ്.ഐ ചർച്ച ചെയ്യുകയും ആവശ്യമായ തെറ്റുതിരുത്തൽ പ്രക്രിയക്ക് വിധേയമാക്കുകയും ചെയ്തതാണ് എന്നാൽ വീണ്ടും ഇത് കുത്തിപൊക്കിയത് ചില കുബുദ്ധികളുടെ ദുഷ്ടലാക്കാണ് വ്യക്തമാക്കുന്നത്. ഇതുവഴി സഘടനയെയും നേതാക്കളെയും പൊതുജനമധ്യത്തിൽ താറടിച്ചു കാണിക്കാനുള്ള ഹീനശ്രമമാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് പ്രതിഷേധാർഹമാണ്.
ആശയ പ്രചാരണത്തിനുള്ള വേദിയായി സോഷ്യൽ മീഡിയയെ ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടത്. സോഷ്യൽ മീഡിയകളിൽ പ്രത്യേകിച്ച് ഫേസ്ബുക്കിൽ വ്യാജ ഐഡികളെ ഉപയോഗിച്ചും പലരുടെയും പേരിൽ ഐഡികൾ നിർമിച്ചും ഡി.വൈ.എഫ്.ഐ യെയും നേതാക്കളെയും വ്യക്തിഹത്യ നടത്താനുള്ള ആസൂത്രിത ശ്രമം ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രവണതകൾക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Adjust Story Font
16