ചുവപ്പണിഞ്ഞ് കണ്ണൂർ; പാർട്ടി കോൺഗ്രസ്സ് ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
പാറപ്രം സമ്മേളനം കഴിഞ്ഞ് എട്ട് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് സിപിഎം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സിന് കണ്ണൂരിൽ കാഹളം മുഴങ്ങുന്നത്
സി പി എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിനെ വരവേൽക്കാനൊരുങ്ങി കണ്ണൂർ. ഏപ്രിൽ 6 മുതൽ 10 വരെ നടക്കുന്ന സമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്. കണ്ണൂർ നായനാർ അക്കാദമിയിൽ ഒരുക്കിയ പ്രത്യേക വേദിയിലാകും പ്രതിനിധി സമ്മേളനം. അംഗ ബലത്തിലും സംഘടനാ സംവിധാനത്തിലും രാജ്യത്ത് തന്നെ സി.പി.എമ്മിൻ്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായ കണ്ണൂർ ഇതാദ്യമായാണ് പാർട്ടി കോൺഗ്രസിന് വേദിയാവുന്നത്. ആ കരുത്തും സംഘടനാ സംവിധാനവും സമ്മേളനത്തിന്റെ പ്രചാരണങ്ങളിലും, അനുബന്ധ പരിപാടികളിലും പ്രകടമാണ്.
പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറുകൾ ഭൂരിഭാഗവും പൂർത്തിയായി കഴിഞ്ഞു. ഗ്രാമങ്ങളും നഗരങ്ങളും സമ്മേളനത്തിന്റെ ആരവങ്ങളിലാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 840 പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളുമടക്കം ആയിരത്തോളം പേരാണ് പാർട്ടി കോൺഗ്രസ്സിൽ പ്രതിനിധികളായി പങ്കെടുക്കുക. പ്രതിനിധി സമ്മേളനത്തിനായി നായനാർ അക്കാദമിയിൽ നിർമ്മിക്കുന്ന പന്തലിന്റെ ജോലികൾ അവസാന ഘട്ടത്തിലാണ്. സെമിനാറുകളും അനുബന്ധ പരിപാടികളും നടക്കുന്ന ടൗൺ സക്വയറിലും വേദി നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. ജവഹർ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. സമ്മേളനത്തിന്റെ ഭാഗമായി 2000 റെഡ് വോളന്റിയർമാർ അണി നിരക്കുന്ന പരേഡും സംഘടിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരു ലക്ഷത്തിലധികം പേർ സമാപന സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര നേതാക്കളടക്കമുള്ള പ്രതിനിധികൾ നാളെ മുതൽ ജില്ലയിലെത്തി തുടങ്ങും. പാർട്ടി കോൺഗ്രസ്സ് ചരിത്ര സംഭവമാക്കി മാറ്റാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് നേതൃത്വവും പ്രവർത്തകരും.
പാർട്ടി കോൺഗ്രസ്സ് പാർട്ടി പിറന്ന മണ്ണിൽ
പാറപ്രം സമ്മേളനം കഴിഞ്ഞ് എട്ട് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് സിപിഎം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സിന് കണ്ണൂരിൽ കാഹളം മുഴങ്ങുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ സുപ്രധാന ഏടായിരുന്നു പാറപ്രം സമ്മേളനം. പാർട്ടി പിറന്ന പാറപ്രം ഉൾപ്പെടുന്ന ആ മണ്ണ് മറ്റൊരു ചരിത്ര സമ്മേളനത്തിന് കൂടി സാക്ഷ്യം വഹിക്കുകയാണ്.
അഞ്ചരക്കണ്ടി പുഴ കരയിട്ടൊഴുകുന്ന ഗ്രാമമാണ് പിണറായിലെ പാറപ്രം. എട്ട് പതിറ്റാണ്ട് മുൻപ് ഒരു ഡിസംബറിൽ ഈ പുഴ കടന്നാണ് കൃഷ്ണ പിള്ളയും എ കെ ജി യും ഇ എം എസ്സും അടക്കമുള്ള സഖാക്കൾ ആ ചരിത്ര സമ്മേളനത്തിനായി പാറപ്രത്ത് എത്തിയത്. 1937 ൽ കോഴിക്കോട്ടെ പാളയത്താണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകം രൂപം കൊണ്ടത്. ഇതിന്റെ തുടർച്ചയായിരുന്നു 1939 ൽ പാറപ്രത്ത് നടന്ന സമ്മേളനം. മൂന്ന് ഭാഗവും പുഴയാൽ ചുറ്റപ്പെട്ട ഇവിടേക്ക് പോലീസിനോ ഒറ്റുകാർക്കോ പെട്ടന്ന് എത്തപ്പെടാൻ കഴിയില്ല. അതുകൊണ്ടാണ് ആ ചരിത്ര സമ്മേളനത്തിന്സഖാക്കൾ ഇവിടം തെരഞ്ഞെടുത്ത്.
പാറപ്രത്ത് വിവേകാനന്ദ വായന ശാലക്ക് സമീപം താമസിച്ചിരുന്ന വടവതി അപ്പുക്കുട്ടി കാരണവരുടെ സംരക്ഷണയിൽ അതീവരഹസ്യമായിട്ടായിരുന്നു സമ്മേളനം നടന്നത്. കെ പി ഗോപാലന്റെ അധ്യക്ഷതയിൽ നടന്ന ഈ സമ്മേളനത്തിന് ശേഷമാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പരസ്യ പ്രവർത്തനം ആരാഭിക്കുന്നത്.
1940 ജനുവരി 26 ന് പോസ്റ്ററുകളും ചുമ്മാരെഴുത്തുകൾ വഴിയും പാർട്ടി രൂപീകരണം ജനങ്ങളെ അറിയിച്ചു. പാർട്ടിയുടെ ഒരു രഹസ്യ സംസ്ഥാന കേന്ദ്രം പ്രവർത്തനം ആരംഭിച്ചതും ഈ സമ്മേളനത്തിന് ശേഷമാണ്. വടക്കേ മലബാറിൽ കർഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വിത്തെറിഞ്ഞ പാറപ്രം സമ്മേളനത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളെ സാക്ഷി നിർത്തിയാണ് സിപിഎം പാർട്ടി കോൺഗ്രസ്സിന് കണ്ണൂരിൽ കൊടി ഉയരുന്നത്.
Adjust Story Font
16