കണ്ണൂരില്‍ തീപിടിത്തമുണ്ടായത് എലത്തൂരില്‍ തീവെപ്പുണ്ടായ അതേ ട്രെയിനില്‍
ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്
കണ്ണൂര്‍: കണ്ണൂരില്‍ തീപിടിത്തമുണ്ടായത് എലത്തൂരില്‍ തീവെപ്പുണ്ടായ അതേ ട്രെയിനില്‍. ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. ഏപ്രില്‍ രണ്ടിന് കോഴിക്കോട് എലത്തൂരില്‍വച്ചാണ് ട്രെയിനുള്ളില്‍ തീവെപ്പുണ്ടായത്. സംഭവത്തില്‍ ഡല്‍ഹി സ്വദേശി ഷാരൂഖ് സെയ്ഫി അറസ്റ്റിലായിരുന്നു. കണ്ണൂരിലുണ്ടായ തീപിടിത്തത്തില്‍ അട്ടിമറിയുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ ട്രാക്കിൽ നിർത്തിയിട്ട ട്രെയിനിനാണ് തീപിടിച്ചത്. പുലർച്ചെ ഒന്നര മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെ ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലെത്തിയ ട്രെയിനാണിത്. മൂന്നാം പ്ലാറ്റ്ഫോമിനു സമീപം എട്ടാമത്തെ യാർഡിൽ നിര്‍ത്തിയിട്ടിരുന്ന ബോഗിയാണ് കത്തിയത്. സംഭവം നടക്കുമ്പോള്‍ ട്രെയിനില്‍ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് വലിയൊരു അപകടമാണ് ഒഴിവായത്.
ട്രെയിന്‍ സര്‍വീസ് നടത്തുന്ന ട്രാക്കില്‍ അല്ല സംഭവം എന്നതിനാല്‍ തീപിടിത്തം അറിയാന്‍ അല്‍പ്പം വൈകി. തീ ഉയരുന്നത് റെയിൽവേ ജീവനക്കാരാണ് ആദ്യം കണ്ടത്. മറ്റ് ബോഗികളിലേക്ക് തീപടരും മുന്‍പ് ഫയര്‍ഫോഴ്സെത്തി തീ പൂര്‍ണമായി അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അതോ ആരെങ്കിലും ട്രെയിനിന് തീയിട്ടതാണോയെന്ന് അന്വേഷണം നടക്കുന്നുണ്ട്. ഫോറന്‍സിക് സംഘത്തിന്‍റെ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കൂ. തീപിടിത്തമുണ്ടായ ബോഗി നിലവില്‍ സീല്‍ ചെയ്തിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഇന്റർസിറ്റി എക്സ്പ്രസായി സർവീസ് നടത്തേണ്ട ട്രെയിനിലാണ് തീപിടിത്തമുണ്ടായത്.
സംഭവം നടന്നതിനു തൊട്ടുമുന്‍പുള്ള സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. റെയിൽവെസ്റ്റേഷന് എതിർവശത്തെ ഭാരത് പെട്രോളിയത്തിന്റെ സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരാൾ നടന്നുപോകുന്നതാണ് ദൃശ്യത്തിലുള്ളത്. എന്നാൽ ആരാണ് നടന്നുപോകുന്നതെന്ന് വ്യക്തമല്ല. എന്തെങ്കിലും ദ്രാവകമൊഴിച്ച് തീവെച്ചതാണോ എന്ന സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Adjust Story Font
16