''75 പോയിന്റ് വരെ റിസർച്ച് സ്‌കോർ പരിശോധിച്ചിട്ടുണ്ട്''; വിശദീകരണത്തിൽ മലക്കംമറിഞ്ഞ് പ്രിയ വർഗീസ്
നിയമനത്തിൽ മാനദണ്ഡമായി പറയുന്ന റിസർച്ച് സ്‌കോറായി കാണിക്കുന്നത് കംപ്യൂട്ടർ സോഫ്റ്റ്‌വെയർ അടയാളപ്പെടുത്തിയ അക്കങ്ങളാണെന്നും ഇത് സർവകലാശാല നേരിട്ട് പരിശോധിച്ചിട്ടില്ലെന്നുമാണ് ഇന്നലത്തെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രിയ വിശദീകരിച്ചത്
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ നിയമനവിവാദത്തിലെ വിശദീകരണത്തിൽ മലക്കംമറിഞ്ഞ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ്. സർവകലാശാല റിസർച്ച് സ്‌കോർ പരിശോധിച്ചിട്ടില്ലെന്ന് ഞാൻ പറഞ്ഞുവെന്ന വ്യാഖ്യാനം വളച്ചൊടിക്കലാണെന്ന് പ്രിയ പറഞ്ഞു. റിസർച്ച് സ്‌കോറിൽ 75 പോയിന്റ് വരെയുള്ള അവകാശവാദങ്ങൾ സർവകലാശാല പരിശോധിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. പുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വീണ്ടും വിശദീകരണം.
ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ആറു പേരുടെയും 75 പോയിന്റ് വരെയുള്ള അവകാശവാദങ്ങൾ പരിശോധിച്ചിട്ടുണ്ട്. 2018 യു.ജി.സി റെഗുലേഷൻ പ്രകാരം അതേ ചെയ്യേണ്ടതുമുള്ളൂ. പരിശോധിച്ച പ്രബന്ധങ്ങൾ ഇന്റർവ്യൂ ബോർഡ് അംഗങ്ങൾക്ക് അയച്ചുകൊടുത്തിട്ടുമുണ്ട്. അഭിമുഖ പരീക്ഷയിൽ എന്നോട് അവ സംബന്ധിച്ച ചോദ്യങ്ങൾ ചിലർ ചോദിച്ചതിന്റെ കൂടി വെളിച്ചത്തിലാണ് ഇതു പറയുന്നതെന്നും എന്നാൽ 75നു മുകളിൽ അവകാശപ്പെട്ട സ്‌കോറിന്റെ കാര്യത്തിൽ അതുണ്ടായിട്ടില്ലെന്നാണ് ഇന്നലത്തെ പോസ്റ്റിൽ പറഞ്ഞതെന്നും പ്രിയ വർഗീസ് വ്യക്തമാക്കി.
നിയമനത്തിൽ മാനദണ്ഡമായി പറയുന്ന റിസർച്ച് സ്‌കോറായി കാണിക്കുന്നത് കംപ്യൂട്ടർ സോഫ്റ്റ്‌വെയർ അടയാളപ്പെടുത്തിയ അക്കങ്ങളാണെന്നും ഇത് സർവകലാശാല നേരിട്ട് പരിശോധിച്ചിട്ടില്ലെന്നുമാണ് ഇന്നലത്തെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രിയ വിശദീകരിച്ചത്. തന്റെ 156 പോയിന്റും ജോസഫ് സ്‌കറിയയുടെ 651ഉം സ്വന്തം അവകാശവാദം മാത്രമാണെന്നും അവർ പറഞ്ഞു. ഇന്റർവ്യൂവിൽ പങ്കെടുത്തവരിൽ ഏറ്റവും കുറഞ്ഞ റിസർച്ച് സ്‌കോറുള്ളത് പ്രിയയ്ക്കാണെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനോടാണ് ഫേസ്ബുക്കിൽ പ്രിയയുടെ വിശദീകരണം. റിസർച്ച് സ്‌കോർ ചുരുക്കപ്പട്ടിക തയാറാക്കാൻ മാത്രമേ ഉപയോഗിക്കാവുള്ളൂ എന്ന് യു.ജി.സി ചട്ടമുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. അഭിമുഖം ഓൺലൈനായിരുന്നു. അത് റെക്കോർഡ് ചെയ്തിട്ടുണ്ട്. അതുകൂടി വിവരാവകാശ പ്രകാരം മാധ്യമങ്ങൾ സംപ്രേഷണം ചെയ്യണമെന്നും ആത്മവിശ്വാസക്കുറവില്ലാത്തതിനാൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും പ്രിയ വ്യക്തമാക്കി.
പ്രിയ വർഗീസിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സർവകലാശാല റിസർച്ച് സ്‌കോർ പരിശോധിച്ചിട്ടില്ലെന്ന് ഞാൻ പറഞ്ഞുവെന്ന വ്യാഖ്യാനവുമായിട്ടാണ് ഇന്നലെ ചാനൽ അവതാരങ്ങൾ അടുത്ത കാർഡ് ഇറക്കിയത്. എന്റെ എഫ്.ബി പോസ്റ്റ് വായിച്ചവർക്ക് അറിയാം ഞാൻ പറഞ്ഞത്, 651 എന്നൊക്കെയുള്ള ഭയപ്പെടുത്തുന്ന അക്കങ്ങളിൽ ഇറക്കുമതി ചെയ്ത റിസർച്ച് സ്‌കോർ അവകാശവാദങ്ങൾ സർവകലാശാല ഫിസിക്കൽ വെരിഫിക്കേഷൻ നടത്തി അംഗീകരിച്ചുതന്നതല്ല എന്നാണ്. 'ആട്' എന്നെഴുതിയാൽ 'പട്ടി' എന്ന് വായിക്കുന്ന മാ.പ്രകളോട് പറഞ്ഞിട്ടും കാര്യമുണ്ടെന്ന് തോന്നുന്നില്ല. ചാനൽ അവതാരങ്ങളുടെ കപടഭാഷണങ്ങളും പാതി പറച്ചിലും വളച്ചൊടിച്ച് ഒട്ടിക്കലും കണ്ട് വിഷമിക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടി മാത്രമാണ് ഈ എഴുത്ത്.
1. സർവകലാശാലാ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ആറു പേരുടെയും 75 പോയിന്റ് വരെയുള്ള അവകാശവാദങ്ങൾ പരിശോധിച്ചിട്ടുണ്ട്. 2018 യു.ജി.സി റെഗുലേഷൻ പ്രകാരം അതേ ചെയ്യേണ്ടതുമുള്ളൂ.
2. പരിശോധിച്ച പ്രബന്ധങ്ങൾ ഇന്റർവ്യൂ ബോർഡ് അംഗങ്ങൾക്ക് അയച്ചുകൊടുത്തിട്ടും ഉണ്ട്. അഭിമുഖ പരീക്ഷയിൽ എന്നോട് അവ സംബന്ധിച്ച ചോദ്യങ്ങൾ ചിലർ ചോദിച്ചതിന്റെ കൂടി വെളിച്ചത്തിലാണ് ഞാൻ ഇതു പറയുന്നത്.
3. എന്നാൽ 75നു മുകളിൽ അവകാശപ്പെട്ട സ്‌കോറിന്റെ കാര്യത്തിൽ അത് ഉണ്ടായിട്ടില്ല എന്നാണ് ഞാൻ ഇന്നലത്തെ പോസ്റ്റിൽ പറഞ്ഞത്.
4. ഒരു സെനറ്റ് മാഷ് ചാനലിൽ വന്നിരുന്നു തള്ളിമറിക്കുന്നത് കേട്ടു ഇന്റർവ്യൂ മാർക്ക് നിർണയത്തിലെ റിസർച്ച്, പബ്ലിക്കേഷൻ എന്നീ കോമ്പോണന്റ്‌സ് മേൽപ്പറഞ്ഞ സ്‌കോർ അവകാശവാദങ്ങളെ മുൻനിർത്തിയാണ് ഇടേണ്ടതെന്ന്! ഈ മഹാന് എത്ര ഇന്റർവ്യൂ ബോർഡുകളിൽ വിഷയവിദഗ്ധനായി ഇരുന്ന പരിചയമുണ്ടെന്ന് ചാനൽ ചിങ്കങ്ങൾ ഒന്നും ഇയാളോട് ചോദിക്കും എന്ന് നമുക്ക് മോഹിക്കാൻ വയ്യല്ലോ. ഈ സെനറ്റ് ഏമാൻ പറയുന്ന പോലെ ആണെങ്കിൽ ഈ രണ്ടു ഘടകങ്ങൾക്ക് മാർക്കിടാൻ അഞ്ചെട്ടു പേരെ യൂനിവേഴ്‌സിറ്റി ടി.എ &ഡി.എ കൊടുത്തു കൊണ്ടുവരേണ്ട കാര്യമുണ്ടോ? നേരിട്ട് ഈ അവകാശവാദത്തിന്റെ ശതമാനക്കണക്ക് എടുത്തുവച്ച് അങ്ങ് മാർക്ക് കൊടുത്താൽ പോരേ? ഈ മഹാനൊക്കെ നാളെ വലതുപക്ഷ സർക്കാർ വന്നാൽ വി.സി ആവുകയും ചെയ്യും. പരീക്ഷാ വിഭാഗത്തിൽ മൊത്തം കമ്പ്യൂട്ടർ മാത്രം മതി എന്നും അധ്യാപകർക്ക് പകരം ക്ലാസ്സ് വിഡിയോകൾ പിള്ളേർക്ക് നല്ല കാശ് വാങ്ങി വിറ്റ് സർവ്വകലാശാലക്ക് ലാഭമുണ്ടാക്കാം എന്ന് തീരുമാനിക്കുകയും ചെയ്യും. അത്രക്കുണ്ട് പരീക്ഷാ പ്രക്രിയയെക്കുറിച്ചും ബോധന ശാസ്ത്രത്തെക്കുറിച്ചും ഒക്കെ ധാരണ. ശിവനെ കാപ്പാത്ത്.
5. റിസർച്ചും പബ്ലിക്കേഷനും ഒക്കെ പരിശോധിക്കാൻ എന്തിനാ ഒരു അഭിമുഖ പരീക്ഷ? അവിടെയാണ് ഈ റിസർച്ച് സ്‌കോർ അവകാശവാദങ്ങളെ കുറച്ചുകൂടി ആഴത്തിൽ പരിശോധിക്കേണ്ടതിന്റെ ആവശ്യകത. 2016 റെഗുലേഷൻ മുതൽക്കാണ് പി.എച്.ഡി പ്രബന്ധം സമർപ്പിക്കുന്നതിന് മുൻപ് ഒരു പ്രസിദ്ധീകരണമെങ്കിലും വേണം തുടർന്ന്, അസി. പ്രൊഫസർ, അസോ. പ്രൊഫസർ, പ്രൊഫസർ തസ്തികളിലേക്കുള്ള എല്ലാ പ്രൊമോഷനുകൾക്കും /നിയമനങ്ങൾക്കും നിശ്ചിത എണ്ണം പ്രബന്ധങ്ങൾ വേണമെന്നുമുള്ള നിഷ്‌കർഷ വരുന്നത്. യു.ജി.സി ചില നല്ല ഉദ്ദേശങ്ങളോടെ കൊണ്ടുവന്ന ഈ റെഗുലേഷൻ പ്രിഡേറ്ററി ജേർണലുകളുടെ കൊള്ളക്കും കാപട്യത്തിനും കൂടി കളമൊരുക്കി.
രാജ്യത്തു തഴച്ചുവളർന്ന ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള കച്ചവട വിദ്യാഭ്യാസസ്ഥാപനങ്ങളും ഗവേഷകരുടെ ഇടയിലെ ധാർമികച്യുതിയും എല്ലാം ചേർന്ന് കാര്യങ്ങൾ കൂടുതൽ വഷളാക്കി. നിങ്ങളുടെ പ്രൊമോഷൻ വർഷം മുൻകൂട്ടി പറഞ്ഞു പൈസ ഏല്പിച്ചാൽ പ്രസിദ്ധീകരണങ്ങളും സെമിനാർ അവതരണങ്ങളും എന്തിന് അവാർഡ് ഉൾപ്പടെ റെഡിയാക്കി തരുന്ന സ്വകാര്യ കൺസൽട്ടൻസികൾ രംഗത്തുവന്നു. ഇതിന്റെ ഇരകളായത് യഥാർത്ഥമായി പണിയെടുത്ത പാവം ഗവേഷകരായിരുന്നു. അവർ കഷ്ടപ്പെട്ട് ഒരു വർഷം അധ്വാനിച്ച് ഒരു ഗവേഷണപ്രബന്ധവുമായി പോകുമ്പോൾ കൺസൽറ്റൻസി വക 10 എണ്ണവുമായി ചില അവതാരങ്ങൾ വരും. മണ്ണും ചാരി നിന്നവൻ..... എന്നൊക്കെ പറയും പോലെ അങ്ങ് കൊണ്ടുപോകും. ഗവേഷണ വിദ്യാർത്ഥികളുടെ അധ്വാനത്തിന്റെ പങ്ക് ഉളുപ്പില്ലാതെ ചൂഷണം ചെയ്യുന്ന ഗൈഡുമാരും ലേഖന സമാഹരണം എന്ന പേരിൽ സ്‌കോർ കൂട്ടുന്ന പരസ്പര സഹായ സഹകരണ സംഘങ്ങളും ഒക്കെയായി വ്യാജന്മാരുടെ പെരുപ്പം വല്ലാതെ കൂടിയപ്പോഴാണ് 2018 റെഗുലേഷനിൽ യു. ജി. സി പറഞ്ഞത് നിങ്ങൾ അധികം പെരുപ്പിച്ചുകൊണ്ടിങ്ങു വരണ്ട ഒരു മിനിമം ലെവലിൽ ഒക്കെ മതി എന്ന്. റിസർച് സ്‌കോർ ചുരുക്കപ്പട്ടിക തയ്യാർ ചെയ്യാൻ മാത്രം പരിഗണിച്ചാൽ മതി. റാങ്ക് പട്ടിക അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രം മതി എന്ന യു.ജി.സി റെഗുലേഷൻ വരാനുണ്ടായ ചരിത്ര പശ്ചാത്തലം ഇതാണ്. ഇതൊന്നും മനസ്സിലാക്കാതെ ഭാര്യമാരെ തിരുകി കയറ്റാൻ ഉള്ള സൂത്രം എന്നൊക്കെ വിപ്ലവവിടുവായത്തം പറയുന്നവരെക്കുറിച്ച് എന്ത് പറയട്ടെ. അല്ലെങ്കിലും ആകാശത്തിന് കീഴിൽ സകല വിഷയങ്ങളെക്കുറിച്ചും ഞാൻ ആധികാരികമായി അഭിപ്രായം പറയാം എന്ന് അവകാശപ്പെടുന്ന ചില പട്ടക്കാരെയും പ്രഭുക്കന്മാരെയും നായകരെയും ഒക്കെ ചുമന്ന് നടക്കാൻ ഇപ്പോഴും ഇവിടെ ആളുണ്ടെന്നതാണല്ലോ നമ്മുടെ സാംസ്‌കാരിക രംഗത്തെ ദുർഗന്ധത്തിന് പ്രധാന കാരണം.
Adjust Story Font
16