Quantcast

'അപേക്ഷകരെ വിലയിരുത്താനുള്ള സ്വാതന്ത്ര്യം വിഷയ വിദഗ്ധർക്കാണ്' ; പ്രിയ വർഗീസിന്റെ വിവാദ നിയമനത്തിൽ വിശദീകരണവുമായി കണ്ണൂർ സർവകലാശാല

'റിസർച്ച് സ്‌കോറുള്ളവർ തഴയപ്പെട്ടുവെന്ന വാദത്തിൽ കഴമ്പില്ല'

MediaOne Logo

Web Desk

  • Updated:

    2022-08-14 16:06:00.0

Published:

14 Aug 2022 3:58 PM GMT

അപേക്ഷകരെ വിലയിരുത്താനുള്ള സ്വാതന്ത്ര്യം വിഷയ വിദഗ്ധർക്കാണ് ; പ്രിയ വർഗീസിന്റെ വിവാദ നിയമനത്തിൽ വിശദീകരണവുമായി കണ്ണൂർ സർവകലാശാല
X

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കെ. കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമനത്തില്‍ വിശദീകരണവുമായി കണ്ണൂർ സർവകലാശാല. ഡെപ്യൂട്ടേഷൻ കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയമന നടപടികളുമായി മുന്നോട്ട് പോയതെന്ന് സർവകലാശാല വ്യക്തമാക്കി. അപേക്ഷകരെ വിലയിരുത്തുന്നതിനുള്ള സ്വാതന്ത്ര്യം വിഷയ വിദഗ്ധർക്കാണ്. കൂടിയ റിസർച്ച് സ്‌കോർ ഉള്ളവർ തഴയപ്പെട്ടുവെന്ന വാദത്തിൽ കഴമ്പില്ലെന്നും സർവകലാശാലയുടെ വിശദീകരണ കുറിപ്പിലുണ്ട്.

പ്രിയ വർഗീസിന്റേതടക്കം 12 അപേക്ഷകളാണ് അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ലഭിച്ചത്. ഇതിൽ ആറ് പേരെ ഷോർട് ലിസ്റ്റ് ചെയ്തു. വിദഗ്ധ സമിതി നടത്തിയ ഓൺലൈൻ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറക്കിയത്. പ്രിയവർഗീസിന്റെ യോഗ്യതയുമായി ബന്ധപ്പെട്ട് സ്റ്റാൻഡിംഗ് കൗൺസിലിന്റെ അഭിപ്രായം സർവകലാശാല തേടിയിരുന്നു. ഡെപ്യൂട്ടേഷൻ കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാമെന്നായിരുന്നു സ്റ്റാൻഡിംഗ് കൗൺസിൽ നൽകിയ നിയമോപദേശം. വിഷയത്തിൽ യുജിസി ചെയർമാന് കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം പ്രിയവർഗീസിന് അനുകൂലമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂൺ 27ന് ചേർന്ന സിൻഡിക്കേറ്റ് യോഗം റാങ്ക് ലിസ്റ്റിന് അനുമതി നൽകിയതെന്ന് സർവകലാശാല വ്യക്തമാക്കി.

മറ്റ് യോഗ്യതകൾക്കൊപ്പം 75 റിസർച്ച് സ്‌കോർ ഉള്ളവർക്ക് അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാം. പബ്ലിക്കേഷനുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് സോഫ്റ്റ് വെയര്‍ സ്‌കോർ കണക്കാക്കുന്നത്. സ്‌കോർ കൂടിയത് കൊണ്ട് മാത്രം അത്തരക്കാർ തെരഞ്ഞെടുക്കപ്പെടണമെന്നില്ല. അതുകൊണ്ട് തന്നെ സ്‌കോർ കൂടിയ ആൾ തഴയപ്പെട്ടുവെന്ന വാദത്തിൽ കഴമ്പില്ല. അപേക്ഷകരെ വിലയിരുത്തുന്നതിനുള്ള സ്വാതന്ത്ര്യം വിഷയ വിദഗ്ധർക്കാണ്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ നിയമന നടപടികൾ സുതാര്യവും നിയമപരവുമായാണ് നടക്കുന്നതെന്ന് ഉറപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സർവകലാശാല വ്യക്തമാക്കി.

TAGS :

Next Story