തൃശൂരില്‍ ട്രാക്കുണര്‍ന്നു; ആദ്യ സ്വർണം ഓടിയെടുത്ത് കണ്ണൂര്‍
65-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിലെ ആദ്യ സ്വർണം ജൂനിയർ പെൺകുട്ടികളുടെ 3,000 മീറ്ററിലൂടെ കണ്ണൂരിന്‍റെ ഗോപിക ഗോപിയാണ് നേടിയത്
സ്വര്‍ണം നേടിയ ഗോപിക ഗോപി മീഡിയവണിനോട് സംസാരിക്കുന്നു
തൃശൂർ: 65-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് ട്രാക്കുണർന്നപ്പോൾ ആദ്യ സ്വർണം കണ്ണൂരിന്. ജൂനിയർ പെൺകുട്ടികളുടെ 3,000 മീറ്ററിൽ ഗോപിക ഗോപിയാണ് സ്വർണം നേടിയത്. കോഴിക്കോട് താരം അശ്വിനി എസ്. നായർക്ക് വെള്ളിയും എറണാകുളത്തിന്റെ അനുമോൾ സജിക്ക് വെങ്കലവും ലഭിച്ചു.
ഇന്ന് 21 ഇനങ്ങളിലാണ് ഫൈനൽ നടക്കുന്നത്. 4*100 മീറ്റർ റിലെ, 400 മീറ്റർ ഓട്ടം തുടങ്ങിയ ഇനങ്ങളുടെ ആദ്യ റൗണ്ടും ഇന്നാണ്. ഉച്ചയ്ക്ക് മൂന്നരയോടെ മാർച്ച് പാസ്റ്റും ഉദ്ഘാടന സമ്മേളനവും നടക്കും. രാവിലെ 9 മണിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തും. 98 ഇനങ്ങളിലായി 3000ത്തിലധികം കായിക താരങ്ങളാണ് കായികോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.
98 ഇനങ്ങളിലായി മൂവായിരത്തിലധികം കുട്ടികൾ ആറ് വിഭാഗങ്ങളിലായി കായികമേളയിൽ മാറ്റുരയ്ക്കുന്നുണ്ട്. കഴിഞ്ഞതവണ സംഘടിപ്പിച്ചതുപോലെ ഇത്തവണയും പകലും രാത്രിയുമായാണ് മത്സരം. ദേശീയ സ്‌കൂൾ മത്സരങ്ങൾ അടുത്ത മാസവും ദേശീയ ഗെയിംസ് ഈ മാസം 25 മുതൽ ഗോവയിലും നടക്കുന്നത് കൊണ്ടാണ് കായികോത്സവം ഇക്കുറി നേരത്തെ നടത്താൻ സർക്കാർ തീരുമാനിച്ചത്.
ഇരുപതാം തീയതി വൈകിട്ടാണ് സമാപന സമ്മേളനവും സമ്മാനദാനവും. ജില്ലയിലെ 15ലധികം സ്‌കൂളുകളിലാണ് കുട്ടികൾക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. കായികോത്സവത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ജില്ലയ്ക്ക് 2,20,000 രൂപയാണ് സമ്മാനം. രണ്ടാമതെത്തുന്ന ജില്ലയ്ക്ക് 1,65,000 രൂപയും മൂന്നാം സ്ഥാനത്തിന് 1,10,000 രൂപയും നൽകും. ഗ്രൗണ്ടിൽ അത്യാധുനിക സംവിധാനത്തോടെ മെഡിക്കൽ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.
Summary: Kannur's Gopika Gopi wins first gold on track at 65th Kerala State School Sports Meet
Adjust Story Font
16