Quantcast

നടുവൊടിക്കും കണ്ണൂര്‍ ജനശതാബ്ദി; അനുയോജ്യമല്ലാത്ത സീറ്റുകളെന്ന് യാത്രക്കാരുടെ പരാതി

എന്നാൽ പുതിയ ഡിസൈൻ ആയതിനാൽ അതിൽ മാറ്റം വരുത്താൻ കഴിയില്ല എന്നാണ് റെയിൽവേ അറിയിച്ചത്

MediaOne Logo

Web Desk

  • Published:

    24 Oct 2024 6:38 AM GMT

kannur janashadhabhi express
X

തിരുവനന്തപുരം: തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി ട്രെയിനില്‍ എല്‍എച്ച്ബി കോച്ചുകള്‍ ഘടിപ്പിച്ചതോടെ ദുരിതയാത്രയെന്ന് യാത്രക്കാരുടെ പരാതി. കാണാന്‍ നല്ല ഭംഗിയുള്ള സീറ്റുകളാണെങ്കിലും സെമിപുഷ്ബാക്ക് അല്ലാത്തതിനാല്‍ നടുവേദന ഉണ്ടാകുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. പഴയ ജനശതാബ്ദി കോച്ചുകളിലുണ്ടായിരുന്ന പല സൌകര്യങ്ങളും പുതിയ എല്‍എച്ച്ബി കോച്ചുകളില്ല. എന്നാൽ പുതിയ ഡിസൈൻ ആയതിനാൽ അതിൽ മാറ്റം വരുത്താൻ കഴിയില്ല എന്നാണ് റെയിൽവേ അറിയിച്ചത്.

ആഘോഷപൂര്‍വമാണ് എല്‍എച്ച്ബി കോച്ചുകള്‍ ഘടിപ്പിച്ച തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി ട്രെയിനിനെ യാത്രക്കാര്‍ സ്വീകരിച്ചത്. പക്ഷേ മുന്നോട്ട് യാത്ര തുടര്‍ന്നപ്പോല്‍ മതിയായി. കാരണം നടുവൊടിഞ്ഞു. നല്ല ഭംഗിയുള്ള സീറ്റ്. എന്നാല്‍ ഒന്ന് നീണ്ടു നിവര്‍ന്ന് ഇരിക്കാനാവില്ല. കാല്‍മുട്ട് വരെപോലും സീറ്റിന് വീതിയില്ല. യാത്ര മെമു ട്രെയിനിന് സമാനം. സെക്കന്‍ഡ് സിറ്റിങ് ക്ലാസുകളില്‍ തിരുവനന്തപുരത്ത് നിന്ന് പത്ത് മണിക്കൂര്‍ യാത്ര ചെയ്ത് കണ്ണൂര്‍ എത്തിയാല്‍ നടു ഒടിയും. ദീര്‍ഘനേരം എല്‍ ഷേപ്പിലുള്ള യാത്ര അത്രയും ബുദ്ധിമുട്ടാണ്.

ഹാന്‍ഡ് റസ്റ്റോടുകൂടിയ വേര്‍തിരിച്ച സെമി പുഷ്ബാക്ക് സീറ്റ്, ഹെഡ്റെസ്റ്റ്, ഫുട് റെസ്റ്റ്, ഭക്ഷണം കഴിക്കാന്‍ സീറ്റിന് മുന്നില്‍ സ്റ്റാന്‍ഡ് ഈ സൌകര്യങ്ങളെല്ലാം ജനശതാബ്ദിയുടെ പഴയ കോച്ചിലുണ്ടായിരുന്നു. മൊബൈല്‍ ചാര്‍ജിങ് പോയിന്‍റുകളുണ്ടെങ്കിലും അത് വെക്കാനയി സൌകര്യമില്ല. ഇതിന് പുറമെ ബോഗികളുടെയും തത്കാല്‍ സീറ്റുകളുടെയും എണ്ണം വെട്ടിക്കുറച്ചതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാണ്.



TAGS :

Next Story