Quantcast

മുസ്‍ലിം ലീഗുമായി ഒന്നിച്ചു പോകാൻ ആഗ്രഹമെന്ന് കാന്തപുരം

മീഡിയവണുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് കാന്തപുരത്തിന്‍റെ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2023-06-30 13:09:07.0

Published:

29 Jun 2023 3:44 AM GMT

Kanthapuram A. P. Aboobacker Musliyar
X

കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ

കോഴിക്കോട്: മുസ്‍ലിം ലീഗുമായി ഒന്നിച്ചുപോകാനാണ് ആഗ്രഹമെന്ന് കേരള മുസ്‍ലിം ജമാഅത്ത് പ്രസിഡന്‍റ് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ. സുന്നികൾ ഐക്യപ്പെടണമെന്ന് അതിയായി ആഗ്രഹിക്കുന്നുവെന്നും കാന്തപുരം പറഞ്ഞു. മീഡിയവണുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് കാന്തപുരത്തിന്‍റെ പ്രതികരണം.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കാന്തപുരം വിഭാഗവും മുസ്ലിം ലീഗും അകല്‍ച്ചയിലായിരുന്നു. ലീഗ് അധ്യക്ഷനായി പാണക്കാട് സാദിഖലി തങ്ങൾ ചുമതലയേറ്റയുടനെ ലീഗ് സംഘടിപ്പിച്ച സുഹൃദ് സംഗമത്തിൽ കാന്തപുരം പങ്കെടുത്തിരുന്നു. മുസ്ലിം ലീഗും കാന്തപുരം വിഭാഗവും തമ്മിൽ ഐക്യമുണ്ടാകണമെന്നാണ് തൻറെ അഭിലാഷമെന്ന് കാന്തപുരം പറയുന്നു. സമസ്ത ഇരുവിഭാഗവും ഒന്നിച്ചുപോകണം എന്നത് തന്റെ ജീവിതാഭിലാഷമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങളുമായി സംസാരിക്കാറുണ്ടെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

''എനിക്ക് സുഖം ബാധിച്ചപ്പോള്‍ സാദിഖലി ശിഹാബ് തങ്ങളും പാണക്കാട്ടുള്ളവരും കുഞ്ഞാലിക്കുട്ടിയുമെല്ലാം എന്നെ കാണാന്‍ വന്നു. ഇവിടെ എപ്പോഴും മുസ്‍ലിങ്ങളും സംഘടനകളും രാഷ്ട്രീയക്കാരും അല്ലാത്തവരും യോജിച്ചു മുന്നോട്ടു പോയാല്‍ മാത്രമേ നമ്മുടെ രാജ്യത്തിന് പുരോഗതി ഉണ്ടാവുകയുള്ളൂ. അത് ചിന്തിക്കാത്ത ചില ആളുകള്‍ ഇപ്പോഴും ബാക്കിയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതില്ലാതാകണമെന്നാണ് ഞങ്ങളുടെ അഭിപ്രായം.'' കാന്തപുരം പറഞ്ഞു.


നമ്മുടെ ഇന്ത്യാ രാജ്യമാകട്ടെ മറ്റെവിടെയാകട്ടെ മതങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഉണ്ടാകാന്‍ പാടില്ല. ഓരോ ആളുകള്‍ക്കും അവരുടെ മതം അനുസരിച്ച് ജീവിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. അതിവിടെ നിലനില്‍ക്കുകയും എല്ലാവരും സപ്പോര്‍ട്ട് നല്‍കുകയുമാണ് ചെയ്യേണ്ടത്. അല്ലാതെ മതവിദ്വേഷം വച്ച് തമ്മിലടിക്കുന്നത് രാജ്യത്തിന് ഒരിക്കലും ഗുണകരമാകില്ല. അതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും മുസ്‍ലിംകള്‍ക്കും ഗുണമുണ്ടാക്കില്ല. ആര്‍ക്കും അതുകൊണ്ട് ഗുണമുണ്ടാകില്ല. ഈ സംഘട്ടനം ഒഴിവാക്കാന്‍ എല്ലാ മതക്കാരും ശ്രമിക്കേണ്ടതാണെന്ന് അഭ്യര്‍ഥിക്കുന്നതായും കാന്തപുരം പറഞ്ഞു.



TAGS :

Next Story