ഹജ്ജ് കമ്മിറ്റിയിൽ ഫുഡ് വളണ്ടിയർമാരായി കാന്തപുരം വിഭാഗം മാത്രം; പ്രതിഷേധവുമായി ഇതര മുസ്‍ലിം സംഘടനകൾ
സംഭവം വിവാദമായതിന് പിന്നാലെ പരിശോധിക്കുമെന്നും പരിഹാരം കാണുമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി
കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ക്യാംപ് വളണ്ടിയർമാരായി കാന്തപുരം വിഭാഗത്തിന് കീഴിലുള്ള സംഘടനാ പ്രവർത്തകരെ മാത്രം തെരഞ്ഞെടുത്തെന്നാക്ഷേപം. ഭക്ഷണ വിഭാഗത്തിലെ വളണ്ടിയർമാരായി കാന്തപുരം വിഭാഗത്തിന് കീഴിലുള്ള വിവിധ സംഘടനാ പ്രവർത്തകരെ മാത്രം തെരഞ്ഞെടുത്തു എന്നാണ് പരാതി.
സംഭവം വിവാദമായതിന് പിന്നാലെ പരിശോധിക്കുമെന്നും പരിഹാരം കാണുമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി. വളണ്ടിയർമാരെ തെരഞ്ഞെടുക്കാനായി നൽകിയ അപേക്ഷ ഫോമിൽ തന്നെ ഇക്കാര്യം വ്യക്തമാണെന്നും വിവിധ മുസ്‍ലിം മതസംഘടനകൾ പറഞ്ഞു. വളണ്ടിയർ അപേക്ഷഫോമിൽ കാന്തപുരം വിഭാഗത്തിൻറെ പോഷക സംഘടനകളായ കേരള മുസ് ലിം ജമാഅത്ത്, എസ്.എസ്.എഫ്, എസ്.വൈ.എസ് മെമ്പർമാരാണോ എന്ന ചോദ്യവും ഉൾപ്പെടുത്തിയതായി വിവിധ സംഘടനാ പ്രതിനിധികൾ പറഞ്ഞു.
എല്ലാ സംഘടനയിൽപെട്ടവരും സേവന സന്നദ്ധരും അടക്കമാണ് മുൻ വർഷങ്ങളിൽ ഹജ്ജ് ക്യാംപിലെ ഭക്ഷണ വിഭാഗത്തിലുൾപ്പെടെ സേവനം ചെയ്തിട്ടുളളത് .സേവന പ്രവർത്തനത്തെ സംഘടനാവൽക്കരിക്കുന്ന നീക്കത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന് എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വളണ്ടിയർ തെരഞ്ഞെടുപ്പ് സംഘടനാവൽക്കരിക്കാനുള്ള ശ്രമം അപലപനീയമെന്ന് കെ എൻ എമ്മും, അനാവശ്യമായ സംഘടനാ കിടമത്സരത്തിന് അവസരമുണ്ടാക്കുന്ന കേരളാ ഹജ്ജ് കമ്മിറ്റിയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷനും പ്രതികരിച്ചു.
ഹജ്ജ് ക്യാമ്പ് വിഭാഗീയ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് പ്രതിഷേധാർഹമാണ്, വിഷയത്തിൽ ഹജ്ജ് കമ്മറ്റിയും സംസ്ഥാന സർക്കാരും ഇടപെടണമെന്നും മുസ്‍ലിം ലീഗ് കൊണ്ടോട്ടി നിയോജക മണ്ഡലം കമ്മറ്റിയും ആവശ്യപ്പെട്ടു. ആക്ഷേപം പരിശോധിക്കുമെന്നും ഉചിതമായ തീരുമാനം എടുക്കുമെന്നുമാണ് വിവാദത്തിൽ ഹജ്ജ് കമ്മിറ്റിയുടെ പ്രതികരണം. ക്വട്ടേഷൻ വിളിച്ചാണ് ഭക്ഷണ വിഭാഗത്തിലടക്കം വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നത്.മാനദണ്ഡ പ്രകാരം ഇങ്ങനെ ക്വട്ടേഷൻ നൽകിയതാണെന്നും, ഒരു പ്രത്യേക സംഘടന പ്രവർത്തകരെ മാത്രം വളണ്ടിയർമാരാക്കുന്നത് ഹജ്ജ് കമ്മറ്റി നയത്തിന് വിരുദ്ധമാണെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികൾ വിശദീകരിച്ചു.
Adjust Story Font
16