''ഫസല്‍ വധക്കേസില്‍ കാരായി രാജനും, കാരായി ചന്ദ്രശേഖരനും നിരപരാധികള്‍, നാടുകടത്തലിന് വിധേയമാക്കപ്പെട്ടവർ'': എ.എ റഹീം
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന കാരായി രാജന്‍റെയും കാരായി ചന്ദ്രശേഖരന്‍റെയും ചിത്രം പങ്കുവെച്ചായിരുന്നു റഹീമിന്‍റെ പ്രതികരണം
തലശ്ശേരി ഫസല്‍ വധക്കേസില്‍ പ്രതികളായ സി.പി.എം നേതാക്കള്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും ആധുനിക കാലത്തു അപരിഷ്‌കൃതമായ ശിക്ഷക്ക് വിധേയമാക്കപ്പെട്ട നിരപരാധികളാണെന്നും നാടുകടത്തലിന് വിധേയമാക്കപ്പെട്ടവരാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന കാരായി രാജന്‍റെയും കാരായി ചന്ദ്രശേഖരന്‍റെയും ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. സമീപകാലത്തെ ഏറ്റവും വലിയ നീതി നിഷേധങ്ങളിൽ ഒന്നാണ് ഈ കേസിൽ കണ്ടതെന്നും ഫസൽ എന്ന പോപ്പുലർഫ്രണ്ട് പ്രവർത്തകനെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് ആര്‍.എസ്.എസ് ഏറ്റുപറഞ്ഞിട്ടും പോപ്പുലർഫ്രണ്ട് അവര്‍ക്കെതിരെ ശബ്ദിക്കുന്നില്ലെന്ന് റഹീം വിമര്‍ശിച്ചു.
ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഇടതുപക്ഷ വിരുദ്ധതയിൽ കൈകോർത്തു നിൽക്കുന്നു എന്നതാണ് ഫസൽ കേസിന്‍റെ സവിശേഷതയെന്നും ആർ.എസ്.എസ്-പോപ്പുലർഫ്രണ്ട് ഗൂഢാലോചന ഇതിൽ വ്യക്തമാണെന്നും എ.എ റഹീം കൂട്ടിച്ചേര്‍ത്തു. കേസില്‍ തുടരന്വേഷണം ഉടൻ പൂർത്തിയാകട്ടെയെന്നും നീതിന്യായ വ്യവസ്ഥയുടെ തന്നെ ആത്മപരിശോധനയ്ക്കും തിരുത്തലിനും വെളിച്ചം പകരാൻ കഴിയുന്നതാകും അന്വേഷണം എന്നുറപ്പാണെന്നും റഹീം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഇന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഫസലിന്‍റെ സഹോദരന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി വിധി. സി.ബി.ഐ. പ്രത്യേക ടീം അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. സി.പി.എം നേതാക്കളെ മുഖ്യപ്രതി ചേര്‍ത്ത തലശേരി ഫസൽ വധക്കേസിൽ സഹോദരൻ അബ്ദുൽ സത്താർ സമർപ്പിച്ച തുടരന്വേഷണ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസിലെ യഥാർഥ പ്രതികൾ അല്ല അറസ്റ്റിലായിട്ടുള്ളത് എന്ന് ആരോപിച്ചായിരുന്നു സഹോദരൻ കോടതിയെ സമീപിച്ചത്. കൊലപാതകത്തിന് പിന്നില്‍ തങ്ങളായിരുന്നു എന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കുപ്പി സുധീഷ് മൊഴി നല്‍കിയിരുന്നതായി ഹരജിയില്‍ പറയുന്നു. കൂട്ടുപ്രതിയായ ഷിനോജ് എന്നയാളും ഇത് സമ്മതിച്ചിട്ടുണ്ട്
എ.എ റഹീമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
തലശ്ശേരി ഫസൽ വധം തുടരന്വഷണത്തിനു ഉത്തരവിട്ട ഹൈക്കോടതി നടപടി സ്വാഗതാർഹമാണ്.സമീപകാലത്തെ ഏറ്റവും വലിയ നീതി നിഷേധങ്ങളിൽ ഒന്നാണ് ഈ കേസിൽ നമ്മൾ കണ്ടത്. ചിത്രത്തിലുള്ളത് സഖാക്കൾ കാരായി രാജനും, കാരായി ചന്ദ്രശേഖരനും. നാടുകടത്തലിന് വിധേയമാക്കപ്പെട്ടവർ.ആധുനിക കാലത്തു അപരിഷ്‌കൃതമായ ശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ട രണ്ട് നിരപരാധികൾ. ഫസൽ എന്ന പോപ്പുലർഫ്രണ്ട് പ്രവർത്തകനെ കൊന്നതാണ് കേസ്. തങ്ങളാണ് കൊലപ്പെടുത്തിയതെന്ന് പ്രതികളിൽ ഒരാൾ വെളിപ്പെടുത്തുന്നു.വെളിപ്പെടുത്തിയ ആൾ ആർ.എസ്.എസ് പ്രവർത്തകനായിരുന്നു.
ഈ ഏറ്റുപറച്ചിൽ ഉണ്ടായിട്ടും പോപ്പുലർഫ്രണ്ട് ആർ.എസ്.എസിനെതീരെ ശബ്ദിക്കുന്നില്ല. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഇടതുപക്ഷ വിരുദ്ധതയിൽ കൈകോർത്തു നിൽക്കുന്നു എന്നതാണ് ഫസൽ കേസിന്‍റെ സവിശേഷത. ആർ.എസ്.എസ്-പോപ്പുലർഫ്രണ്ട് ഗൂഢാലോചന ഇതിൽ വ്യക്തമാണ്. തുടരന്വേഷണം ഉടൻ പൂർത്തിയാകട്ടെ, നീതിന്യായ വ്യവസ്ഥയുടെ തന്നെ ആത്മപരിശോധനയ്ക്കും തിരുത്തലിനും വെളിച്ചം പകരാൻ കഴിയുന്നതാകും ഈ അന്വേഷണം എന്നുറപ്പാണ്.
Adjust Story Font
16