കരമന അഖിൽ കൊലക്കേസ്; മുഖ്യപ്രതികളെല്ലാം പിടിയിൽ
കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ മൂന്ന് പേരുൾപ്പെടെ ഏഴ് പ്രതികളെയാണ് പൊലീസ് പിടികൂടിയത്
തിരുവനന്തപുരം: കരമന അഖിൽ കൊലക്കേസിൽ മുഖ്യപ്രതികളെല്ലാം പിടിയിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ മൂന്ന് പേരുൾപ്പെടെ ഏഴ് പ്രതികളെയാണ് പൊലീസ് പിടികൂടിയത്. രണ്ടാം പ്രതിയായ സുമേഷിനെ ഇന്ന് രാത്രി തിരുവനന്തപുരം കരിക്കകത്ത് നിന്നാണ് പിടികൂടിയത്.
അപ്പു എന്ന അഖിൽ, വിനീത് രാജ്, സുമേഷ് എന്നിവരാണ് കമ്പിവടി കൊണ്ടടിച്ചും ഭാരമുള്ള കല്ല് ശരീരത്തിലിട്ടും കരമന സ്വദേശി അഖിലിനെ ക്രൂരമായി കൊലപ്പെടുത്തിയത്. മൂവരുടെയും മുഖം വ്യക്തമാകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. സംഭവശേഷം പ്രതികൾ ഒളിവിൽപ്പോയി. എന്നാൽ ഇന്നലെ രാത്രിയോടെ അപ്പു എന്ന അഖിലിനെ തമിഴ്‌നാട്ടിൽ നിന്നും വിനീത് രാജിനെ ഇന്ന് തിരുവനന്തപുരം രാജാജി നഗറിൽ നിന്നും പിടികൂടി. സുമേഷിനെ ഇന്ന് രാത്രിയും പിടികൂടി. വിനീത് രാജാണ് അഖിലിന്റെ ശരീരത്തിലേക്ക് ആറുതവണ ഭാരമുള്ള കല്ലെടുത്തെറിഞ്ഞത്.
ഇന്നലെ വൈകിട്ടോടെ പ്രതികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ഓടിച്ചിരുന്ന അനീഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനിടെ മുഖ്യ പ്രതികളെ സഹായിച്ച ഹരിലാൽ, കിരൺ, കിരൺ കൃഷ്ണ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കിരണിൽ നിന്നാണ് അപ്പു എന്ന അഖിൽ തമിഴ്‌നാട്ടിലേക്ക് കടന്നതായുള്ള വിവരം ലഭിച്ചതും തുടർന്ന് പിടികൂടിയതും. കാർ വാടകയ്ക്കെടുക്കാൻ സഹായിച്ചതിനാണ് ഹരിലാലിനെ അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിലേക്ക് നയിച്ച ബാറിലെ വാക്കുതർക്കവുമായി ബന്ധപ്പെട്ടാണ് കിരൺ കൃഷ്ണയെ പിടികൂടിയത്. വാക്കുതർക്കത്തിനൊടുവിൽ പ്രതികാരം ചെയ്യുമെന്ന വെല്ലുവിളി നടത്തിയത് കിരൺ കൃഷ്ണയാണെന്നാണ് പൊലീസ് നിഗമനം. മുഖ്യപ്രതികളെല്ലാം പിടിയിലായതോടെ ഇവരെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.
Adjust Story Font
16