ആംബുലന്‍സ് ഓടിക്കാന്‍ കരിക്ക് വില്‍പനക്കാരന്‍റെ ശ്രമം; അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്
അപകടത്തിനു പിന്നാലെ കരിക്ക് കച്ചവടക്കാരൻ ഓടി രക്ഷപ്പെട്ടു
നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് ഓടിക്കാനുള്ള കരിക്ക് വില്‍പനക്കാരന്‍റെ ശ്രമം അപകടത്തില്‍ കലാശിച്ചു. കോട്ടയം കിടങ്ങൂർ കട്ടച്ചിറയിലായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. അപകടത്തിനു പിന്നാലെ കരിക്ക് കച്ചവടക്കാരൻ ഓടി രക്ഷപ്പെട്ടു.
പാലാ ജനറല്‍ ആശുപത്രിയുടെ ആംബുലന്‍സ് ആണ് അപകടത്തില്‍പെട്ടത്. രോഗിയെ ഇറക്കിയശേഷം തിരികെ വരുന്ന വഴി ആംബുലന്‍സ് ഡ്രൈവര്‍ കരിക്ക് കുടിക്കാനായി വാഹനം നിര്‍ത്തി. ഡ്രൈവറുടെ ശ്രദ്ധ മാറിയ സമയത്ത് കരിക്ക് വില്‍പനക്കാരന്‍ ആംബുലന്‍സില്‍ കയറി. താക്കോൽ കിടക്കുന്നത് കണ്ടതോടെ വാഹനം ഓടിക്കാനുള്ള ആഗ്രഹമായി. സ്റ്റാർട്ട് ചെയ്ത് ഗിയറിട്ടതോടെ ആംബുലന്‍സ് മുന്നോട്ടു കുതിച്ചു. മുന്നിലുണ്ടായിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ച ആംബുലൻസ് രണ്ട് ഓട്ടോറിക്ഷയിലും ഇടിച്ചു.
ഒരു ഓട്ടോ റോഡില്‍ തലകീഴായി മറിഞ്ഞു. ഓട്ടോയിലുണ്ടായിരുന്ന 3 യാത്രക്കാര്‍ക്കും നിര്‍ത്തിയിട്ടിരുന്ന ബൈക്കിലുണ്ടായിരുന്ന കുഞ്ഞുമോന്‍ എന്നയാള്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിടങ്ങൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തിന് പിന്നാലെ കരിക്ക് കച്ചവടക്കാരൻ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
Adjust Story Font
16