റൺവേ നവീകരണത്തിൽ ഇല്ലാതാകുന്ന റോഡിന് ബദൽ റോഡ് വേണമെന്നാവശ്യം; കരിപ്പൂർ വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കൽ വൈകുന്നു
20 കുടുംബങ്ങൾ മാത്രമാണ് രേഖകൾ സമർപ്പിച്ചത്
മലപ്പുറം: കരിപ്പൂർ വിമാനതാവളത്തിന്റെ ഭൂമി ഏറ്റെടുക്കൽ വൈകുന്നു. ഇതുവരെ 20 കുടുംബങ്ങളാണ് രേഖകൾ സമർപ്പിച്ചത്. റൺവേ നവീകരിക്കുമ്പോൾ നഷ്ടപെടുന്ന റോഡിന് ബദൽ റോഡ് നിർമ്മിക്കാൻ സർക്കാർ ഉത്തരവിറക്കിയാൽ മാത്രമെ ഭൂമിവിട്ടു നൽകൂ എന്ന നിലപാടിലാണ് പ്രദേശവാസികൾ.
കരിപ്പൂർ വിമാനതാവളത്തിന്റെ റൺവേ നവീകരണത്തിനായി 14.5 ഏകർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 80 പേരിൽ നിന്നാണ് ഭൂമി എടുക്കേണ്ടത്. ഇതിൽ 20 ഭൂവുടമകൾ മാത്രമാണ് ഇതുവരെ രേഖകൾ സമർപ്പിച്ചത്. റൺവേ നവീകരിക്കുന്നതോടെ പാലക്കപറമ്പ് ഭാഗത്തെ ക്രോസ് റോഡും മുൻസിപ്പൽ റോഡും ഇല്ലാതാകും. ഇതിന് ബദലായി റോഡ് നിർമ്മിക്കുന്ന കാര്യത്തിൽ സർക്കാർ ഉത്തരവിറങ്ങിയാൽ മാത്രമെ ഭൂമി സംബന്ധിച്ച രേഖകൾ ഹാജരാക്കൂ എന്ന നിലപാടിലാണ് ഭൂരിഭാഗം ഭൂവുടമകളും ഭൂമി ഏറ്റെടുക്കുന്നതിന് മുൻമ്പ് മുഴുവൻ പണവും അനുവദിക്കണമെന്നും ഭൂവുടമകൾ ആവശ്യപെടുന്നു.
ഭൂവുടമകളുടെ ആശങ്കകൾ പരിഹരിക്കനായി എട്ടാം തീയതി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം പ്രദേശം സന്ദർശിക്കും. ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കിയില്ലെങ്കിൽ റൺവേയുടെ നീളം കുറച്ച് സർവീസ് നടത്തേണ്ടി വരുമെന്ന് എയർപോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.
Adjust Story Font
16