രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസ്; അർജുൻ ആയങ്കിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
അർജുനെ ഏഴു ദിവസം കൂടി കസ്റ്റഡിയിൽ ചോദിക്കാനാണ് കസ്റ്റംസിന്‍റെ തീരുമാനം.
രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അർജുനെ ഏഴു ദിവസം കൂടി കസ്റ്റഡിയിൽ ചോദിക്കാനാണ് കസ്റ്റംസിന്‍റെ തീരുമാനം. കഴിഞ്ഞ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരായ അർജുൻ ഒരാഴ്ചയായി കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. ഇന്ന് വൈകിട്ട് അഞ്ചുവരെയാണ് അർജുൻ കസ്റ്റഡിയിലുള്ളത്.
കസ്റ്റഡി കാലാവധി പൂർത്തിയാകുന്നതിനാൽ അർജുനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സാമ്പത്തിക കുറ്റങ്ങൾ പരിഗണിക്കുന്ന കോടതിയിൽ ആകും അർജുനെ ഹാജരാക്കുക. ഇന്നലെ അർജുന്റെ ഭാര്യയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
അതേസമയം, കേസിൽ കണ്ണൂർ സ്വദേശി യൂസഫിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. സ്വർണം കൊണ്ടുവന്ന മുഹമ്മദ് ഷെഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യൂസഫിനെ ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ 11 മണിക്ക് കസ്റ്റംസ് പ്രവന്‍റീവ് ഓഫിസിലെത്താനാണ് നിർദേശം.
ഷെഫീഖിനെ സ്വര്‍ണം ഏല്‍പ്പിച്ച മുഹമ്മദ് ആദ്യം അര്‍ജുന് സ്വര്‍ണം നല്‍കണമെന്ന് നിർദേശിച്ചു. പിന്നീട് കണ്ണൂർ സ്വദേശിയായ യൂസഫിന് സ്വർണം കൈമാറിയാൽ മതിയെന്ന് പറഞ്ഞു എന്നാണ് ഷെഫീഖിന്റെ മൊഴി. എന്നാൽ യൂസഫ് ഒളിവിലാണെന്നാണ് സൂചന. കേസിൽ ടി.പി കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ നാളെയാണ് ചോദ്യം ചെയ്യുന്നത്. കസ്റ്റഡി നീട്ടി കിട്ടിയാൽ അർജുനെ ഷാഫിക്കൊപ്പമിരുത്തിയും ചോദ്യം ചെയ്യും.
Adjust Story Font
16