യുവതിയെ ഉപയോഗിച്ച് കടത്തിയ സ്വർണം കവർച്ച ചെയ്യാൻ ശ്രമിച്ച കേസ്: സംഘത്തലവൻ പിടിയിൽ
കോഴിക്കോട് ബേപ്പൂർ അരക്കിണർ സ്വദേശി ഷഹീർ ആണ് കരിപ്പൂർ പൊലീസിന്റെ പിടിയിലായത്
കരിപ്പൂർ: കരിപ്പൂരിൽ യുവതിയെ ക്യാരിയർ ആയി ഉപയോഗിച്ച് കടത്തിയ സ്വർണം കവർച്ച ചെയ്യാൻ ശ്രമിച്ച കേസിൽ സംഘത്തലവൻ പിടിയിൽ. കോഴിക്കോട് ബേപ്പൂർ അരക്കിണർ സ്വദേശി ഷഹീർ ആണ് ബാംഗ്ലൂരിലെ ഒളിത്താവളത്തിൽ നിന്നും കരിപ്പൂർ പൊലീസിന്റെ പിടിയിലായത്.
സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട ഷഹീർ പിന്നീട് ഒളിവിൽ പോവുകയായിരുന്നു.ഇയാളെ ചോദ്യം ചെയ്തതിൽ സംഘത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെ കുറിച്ചും വ്യത്യസ്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന്ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എസിപി വിജയ് ഭാരത് റെഡ്ഡി,കരിപ്പൂർ ഇൻസ്പക്ടർ ഷിബു, കൊണ്ടോട്ടി എസ്.ഐ നൗഫൽ എന്നിവരുടെ നേതൃത്വത്തിലുള്ള കൊണ്ടോട്ടി DANSAF ടീമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ മാസമാണ് അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച യുവതിയും കടത്ത് സ്വർണം തട്ടിയെടുക്കാൻ എത്തിയ രണ്ടുപേരും കരിപ്പൂരിൽ അറസ്റ്റിലായത്. എട്ട് ലക്ഷം രൂപ വിലവരുന്ന 146 ഗ്രാം (24 കാരറ്റ്) സ്വർണവുമായി സുൽത്താൻ ബത്തേരി സ്വദേശിനി ഡീന (30), സ്വർണം തട്ടിയെടുക്കാനെത്തിയ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), കോഴിക്കോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വയനാട് സ്വദേശി സുബൈർ എന്നയാൾക്ക് വേണ്ടി നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വർണം തട്ടിയെടുക്കാനാണ് മറ്റ് നാലുപേർ ഡീനയുടെ അറിവോടെ വിമാനത്താവളത്തിലെത്തിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. ഡീനയുടെ സഹായത്തോടെ സ്വർണം തട്ടിയെടുത്ത ശേഷം പണം വീതിച്ചെടുക്കാനായിരുന്നു സംഘത്തിന്റെ തീരുമാനം.
Adjust Story Font
16