Quantcast

കരിപ്പൂര്‍ വിമാനാപകടം: റിപ്പോര്‍ട്ട് പഠിക്കാന്‍ ഒന്‍പതംഗ സമിതി

വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിന് അനുമതി നല്‍കുന്ന കാര്യം സമിതി പരിശോധിക്കും

MediaOne Logo

Web Desk

  • Published:

    21 Sep 2021 3:11 PM GMT

കരിപ്പൂര്‍ വിമാനാപകടം: റിപ്പോര്‍ട്ട് പഠിക്കാന്‍ ഒന്‍പതംഗ സമിതി
X

കരിപ്പൂര്‍ വിമാനാപകടം സംബന്ധിച്ച റിപ്പോര്‍ട്ട് പഠിക്കാന്‍ ഒന്‍പതംഗ സമിതി. എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഎഐബി)യുടെ റിപ്പോര്‍ട്ടാണ് സമിതി പരിശോധിക്കുക. വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണോ എന്ന കാര്യവും സമിതി പരിശോധിക്കും.

സാങ്കേതിക വിദഗ്ധരടങ്ങുന്നതാണ് ഒന്‍പതംഗ സമിതി. വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി നല്‍കുന്ന കാര്യം വിദഗ്ധ സമിതി പരിശോധിക്കും. ഇതിനുശേഷമാവും അനുമതി നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. രണ്ട് മാസത്തിനകം പുതിയ റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിന് കൈമാറാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വിമാനാപകടത്തെക്കുറിച്ചുള്ള എഎഐബിയുടെ റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തുവന്നത്. റണ്‍വേയുമായി ബന്ധപ്പെട്ട പ്രശ്‌നം കൊണ്ടല്ല, പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട് കണ്ടെത്തിയത്. ഇതിനുശേഷം വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന് മുറവിളികളുയര്‍ന്നിട്ടുണ്ട്. ഈ ആവശ്യമുന്നയിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി അടക്കമുള്ള ജനപ്രതിനിധികള്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ കണ്ടിരുന്നു.

വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തുവരികയാണെന്നാണ് ദിവസങ്ങള്‍ക്കുമുന്‍പ് മന്ത്രി എംപിയെ അറിയിച്ചത്. ഇനിയും ഇത്തരത്തിലുള്ള അപകടങ്ങളുണ്ടാകാതിരിക്കുന്നതിനു മറ്റു ഭൗതികസൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെങ്കില്‍ അത് നിര്‍ദേശിക്കാന്‍ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ റിപ്പോര്‍ട്ട് ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

TAGS :

Next Story