കർമശ്രേഷ്ഠ, കർമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ടി.ജെ.എസ് ജോർജിനും ദയാഭായിക്കും അവാര്‍ഡ്
എം.കെ രാമുണ്ണിനായർ എന്ന മാനുകുട്ടൻനായരുടെ പേരിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കു ഏർപ്പെടുത്തിയതാണ് പുരസ്കാരം
ടി.ജെ.എസ് ജോർജ്/ ദയാഭായി
മലപ്പുറം: എം.കെ.ആർ ഫൗണ്ടേഷന്‍റെ ഈ വർഷത്തെ കർമശ്രേഷ്ഠ, കർമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കർമശ്രേഷ്ഠ അവാർഡിന് (2 ലക്ഷം രൂപ) മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.ജെ.എസ് ജോർജും കർമ അവാർഡിന് (ഒരു ലക്ഷം രൂപ) സാമൂഹിക പ്രവർത്തക ദയാഭായിയും അർഹരായി. കോട്ടയ്ക്കലിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന എം.കെ രാമുണ്ണിനായർ എന്ന മാനുകുട്ടൻനായരുടെ പേരിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കു ഏർപ്പെടുത്തിയതാണ് പുരസ്കാരം.
എം.ടി.വാസുദേവൻ നായർ ചെയർമാനും സാറാജോസഫ്, ഡോ.പി.ബാലചന്ദ്രൻ, ഡോ.കെ.മുരളീധരൻ, ഷീബ അമീർ, യു.അച്ചു എന്നിവർ അംഗങ്ങളുമായ ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഡോ.പി.കെ.വാരിയരാണ് 4 വർഷത്തിൽ ഒരിക്കൽ നൽകുന്ന കർമശ്രേഷ്ഠ അവാർഡിന് നേരത്തേ അർഹനായിട്ടുള്ളത്. ഷീബ അമീർ, കെ.കെ ശൈലജ, മാധവ് ഗാഡ്ഗിൽ, ഇ.ശ്രീധരൻ, ഗീത വാഴച്ചാൽ, കെ.ദിനു എന്നിവർക്കാണ് മുൻപ് കർമ അവാർഡ് ലഭിച്ചത്. ഒക്ടോബർ 28ന് വൈകിട്ട് തിരൂർ തുഞ്ചൻപറമ്പിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
Adjust Story Font
16