കർണാടക സർക്കാരിന്റെത് ജാമ്യം റദ്ദാക്കുന്ന സമീപനം; നിയമപോരാട്ടം തുടരും: മഅ്ദനിയുടെ മകൻ
തെറ്റിദ്ധരിപ്പിക്കുന്ന വാദങ്ങളാണ് കർണാടക സർക്കാർ കോടതിയിൽ ഉന്നയിച്ചതെന്ന് മഅ്ദനിയുടെ മകൻ സ്വലാഹുദ്ദീൻ അയ്യൂബി മീഡിയവണിനോട് പറഞ്ഞു.
ന്യൂഡൽഹി: പിതാവിന്റെ ജാമ്യം റദ്ദാക്കുന്ന തരത്തിലുള്ള സമീപനമാണ് കർണാടക സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മഅ്ദനിയുടെ മകൻ അഡ്വ. സ്വലാഹുദ്ദീൻ അയ്യൂബി. വലിയ പ്രതീക്ഷയിലാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ 13 വർഷമായി വിചാരണത്തടവുകാരനാണ് പിതാവ്. കർണാടക സർക്കാർ ആവശ്യപ്പെട്ട 60 ലക്ഷം നൽകുക എന്നത് ഈ സാഹചര്യത്തിൽ വളരെ ബുദ്ധിമുട്ടാണ്. പിതാവിനെ സ്‌നേഹിക്കുന്നവർ ഈ പണം നൽകുമെന്നുറപ്പാണ്. എന്നാൽ അത്തരമൊരു കീഴ്‌വഴക്കം സൃഷ്ടിക്കേണ്ട എന്നാണ് പിതാവും തങ്ങളും തീരുമാനിച്ചതെന്നും സ്വലാഹുദ്ദീൻ അയ്യൂബി പറഞ്ഞു.
മഅദ്‌നി 10 സ്ഥലങ്ങളിൽ പോകണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത്രയധികം ചെലവ് വരുന്നത് എന്ന കർണാടക സർക്കാരിന്റെ വാദം പൂർണമായും കളവാണെന്നും സലാഹുദ്ദീൻ അയ്യൂബി പറഞ്ഞു. എറണാകുളത്തെ വസതിയിലും കൊല്ലം അൻവാർശേരിയിലും പോകണമെന്ന് മാത്രമാണ് പിതാവ് ആവശ്യപ്പട്ടത്. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന സമീപനമാണ് ഇക്കാര്യത്തിൽ കർണാടക സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആറ് പൊലീസുകാർ മാത്രമാണ് മഅദ്‌നിയെ അനുഗമിക്കുന്നത് എന്ന കർണാടകയുടെ വാദവും പൂർണമായും തെറ്റാണ്. ഒരു ഷിഫ്റ്റിൽ മൂന്ന് പൊലീസുകാരാണ് ഉണ്ടാവുക. അങ്ങനെ മൂന്ന് ഷിഫ്റ്റ് ഉണ്ടാവും. അപ്പോൾ 18 പൊലീസുകാരും രണ്ട് ഡ്രൈവർമാരും അടക്കം 20പേരാണ് സംഘത്തിലുണ്ടാവുക. ഇക്കാര്യങ്ങളെല്ലാം കപിൽ സിബൽ കോടതിയെ അറിയിച്ചതാണ്. പിതാവിന്റെ നീതിക്കായി നിയപോരാട്ടം തുടരുമെന്നും സ്വലാഹുദ്ദീൻ അയ്യൂബി വ്യക്തമാക്കി.
Adjust Story Font
16