കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പ്രതികൾ തേക്കടിയിൽ വാങ്ങിക്കൂട്ടിയ സ്ഥലം കണ്ടുകെട്ടിയില്ല; സർക്കാർ അനാസ്ഥയെന്ന് ആരോപണം
പത്തേക്കർ ഭൂമിയാണ് തേക്കടി റിസോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ ഇവർ വാങ്ങിയത്
ഇടുക്കി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ ബിജു കരീമിന്റെയും ബിജോയിയുടെയും നേതൃത്വത്തിൽ തേക്കടിയിൽ വാങ്ങിയ ഭൂമി ഇതുവരെ കണ്ടു കെട്ടാനായില്ല. പത്തേക്കർ ഭൂമിയാണ് തേക്കടി റിസോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ ഇവർ വാങ്ങിയത്. കോടികൾ വിലമതിക്കുന്ന സ്ഥലം ഏറ്റെടുക്കാനാകാത്തത് സർക്കാരിന്റെ അനാസ്ഥയാണെന്ന് ആരോപണമുണ്ട്.
തേക്കടിക്ക് സമീപം മുരിക്കടിയിലാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലെ പ്രതികൾ ഭൂമി വാങ്ങിയത്. 50 കോട്ടേജുകളും ആയുർവേദ സ്പായും ഉൾപ്പെടെ കോടികൾ മുതൽ മുടക്കുള്ള റിസോർട്ടിന്റെ നിർമ്മാണവും തുടങ്ങിയിരുന്നു. തേക്കടി റിസോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കായി ബിജോയിയാണ് 2014 ൽ കെട്ടിടം പണിയാൻ പെർമിറ്റിന് അപേക്ഷ നൽകിയത്. മൂന്നരക്കോടിയുടെ നിർമാണപ്രവർത്തനങ്ങൾ നടത്തിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് നാല് വർഷമായി നിർമാണം നിലച്ചിരിക്കുകയാണ്.
തട്ടിപ്പ് നടന്നതോടെ സ്ഥലം കണ്ടു കെട്ടാൻ ക്രൈംബ്രാഞ്ച് സർക്കാരിന് അപേക്ഷ നൽകിയിരുന്നു. സ്ഥലം വാങ്ങിയതിന്റെയും കെട്ടിട നിർമ്മാണ പെർമിറ്റ് അടക്കമുള്ള രേഖകളും ക്രൈംബ്രാഞ്ചും വിജിലൻസും ശേഖരിച്ചിട്ടുണ്ട്. വൈകിയാണെങ്കിലും സർക്കാർ അനുമതി ലഭിച്ചതോടെ സ്ഥലം കണ്ടു കെട്ടാനായി തൃശ്ശൂർ വിജിലൻസ് കോടതിയെ സമീപിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്.
Adjust Story Font
16