കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: ഇ.ഡിയുടെ ലക്ഷ്യം ഉന്നതനേതാക്കളെന്ന് സി.പി.എം വിലയിരുത്തൽ; നിയമപോരാട്ടം ഉള്‍പ്പടെ ആലോചനയില്‍
സംസ്ഥാനത്തെ സഹകരണമേഖലയെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇഡി കേസിൽ ഇടപെടുന്നതെന്നാണ് സി.പി.എം ആരോപണം
തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡിയുടെ തുടർനീക്കങ്ങൾ കാത്ത് സി.പി.എം. ഇഡി ലക്ഷ്യം ഉന്നതനേതാക്കളാണെന്നാണ് സി.പി.എം വിലയിരുത്തൽ. എ.സി മൊയ്തീനും എം.കെ കണ്ണനും പുറമെ തൃശ്ശൂരിലുള്ള ചില വ്യാപാരി നേതാക്കളും ഇപി ജയരാജനും തമ്മിലുള്ള ബന്ധവും ഇ.ഡി പരിശോധിക്കുന്നതായാണ് വിവരം. ഇ.ഡിയുടെ നിലപാടിൽ നിയമപോരാട്ടം അടക്കം പാർട്ടി ആലോചിക്കുന്നുണ്ട്.
സംസ്ഥാനത്തെ സഹകരണമേഖലയെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇ.ഡി കേസിൽ ഇടപെടുന്നതെന്നാണ് സി.പി.എം ആരോപണം. എന്നാൽ കരുവന്നൂരിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പാർട്ടിക്ക് ബോധ്യമുണ്ട്. പക്ഷെ, കരുവന്നൂരിൻറെ പേരിൽ സഹകരണ ബാങ്കുകളുടെ മുഴുവൻ വിശ്വാസ്യത തകർക്കാൻ കേന്ദ്ര ഏജൻസി ശ്രമിക്കുന്നുവെന്നാണ് സി.പി.എം ആരോപണം. അരവിന്ദാക്ഷന്റെ അറസ്റ്റ് തുടക്കം മാത്രമായി കാണുന്ന സി.പി.എം വലിയ അപകടങ്ങൾ മുന്നിൽ കാണുന്നുണ്ട്.
എ.സി മൊയ്തീനും എ.കെ കണ്ണനും മാത്രമല്ല മറ്റ് ചില നേതാക്കളേയും ഇ.ഡി ലക്ഷ്യം വെകുന്നുണ്ടെന്നാണ് വിവരം. തൃശ്ശൂരിലെ ഒരു വ്യാപാരിയും ഇടത് മുന്നണി കൺവീനർ ഇ.പി ജയരാജനും തമ്മിലുള്ള ബന്ധവും ഇ.ഡി പരിശോധിക്കുന്നതായാണ് വിവരം. എ.സി മൊയ്തീനും എം.കെ കണ്ണനും,അരവിന്ദാക്ഷനും നിയമപോരാട്ടം നടത്താനുള്ള പിന്തുണ സി.പി.എം നൽകും. മൊയ്തീന് ഇനി ഇ.ഡി നോട്ടീസ് നൽകിയാൽ ഹാജരാകും മുൻപ് കോടതിയെ സമീപിക്കാനും സി.പി.എം ആലോചിക്കുന്നുണ്ട്. എം.െക കണ്ണൻ വെള്ളിയാഴ്ച ഹാജരാകണമെന്ന് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും ഇ.ഡിക്ക് മുന്നിൽ പോകണോ എന്ന കാര്യത്തിലും സി.പി.എം നേതൃത്വമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
Adjust Story Font
16