കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവടക്കം നാലുപേര്‍ക്ക് ജാമ്യം
സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിൽ 104 കോടിയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ
കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസില്‍ മുഖ്യപ്രതിയും സിപിഎം പ്രാദേശിക നേതാവുമായ കെകെ ദിവാകരനടക്കം നാല് പ്രതികൾക്ക് ജാമ്യമനുവദിച്ച് ഹൈക്കോടതി. ഭരണസമിതിയംഗങ്ങളായ ചക്രംപിള്ളി ജോസ്, വി.കെ ലളിതൻ, എൻ. നാരായണൻ എന്നിവരാണ് ജാമ്യം ലഭിച്ച മറ്റുള്ളവര്‍. ജസ്റ്റിസ് വി. ഷേർസിയാണ് ഇവർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഞ്ചു ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള ആൾജാമ്യവുമാണ് വ്യവസ്ഥ.
സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിൽ 104 കോടിയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ. കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് ഗുരുതര ക്രമക്കേടുകളാണെന്ന് സഹകരണ വകുപ്പ് നിയോഗിച്ച ഒമ്പതംഗ സമിതിയുടെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന പതിമൂന്നംഗ ഭരണസമിതി അംഗങ്ങൾക്കും തട്ടിപ്പിൽ ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യപ്രതി ടി.ആർ സുനിൽ കുമാർ ക്രൈംബ്രാഞ്ചിന് മൊഴിനൽകിയത് കേസിൽ നിർണായക വഴിത്തിരിവായി. തൃശൂരിൽനിന്നാണ് ഇയാൾ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.
സാമ്പത്തിക തട്ടിപ്പുകേസിലെ വിവരങ്ങൾ പുറത്തെത്തിയതോടെ സുനിൽകുമാർ ഉൾപ്പെടെയുള്ള പ്രതികൾ ഒളിവിൽപോവുകയായിരുന്നു. പിന്നീട് ഇവർക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
Adjust Story Font
16