'അമ്മയുടെ അക്കൗണ്ടിലൂടെ വലിയ സാമ്പത്തിക ഇടപാടുകൾ നടത്തി; അരവിന്ദാക്ഷനെതിരെ ഇ.ഡി കോടതിയിൽ
അക്കൗണ്ട് വിവരങ്ങൾ കൈമാറിയത് ബാങ്ക് സെക്രട്ടറി ആണെന്നും ഇ.ഡി അറിയിച്ചു
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസ് പ്രതി പി.ആർ അരവിന്ദാക്ഷന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ട് വിവാദത്തിൽ വിശദീകരണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അക്കൗണ്ട് വിവരങ്ങൾ കൈമാറിയത് ബാങ്ക് സെക്രട്ടറി ആണെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിലൂടെ ഒന്നാംപ്രതി സതീഷ് കുമാറുമായി വലിയ സാമ്പത്തിക ഇടപാടുകൾ നടന്നുവെന്നും ഇ.ഡി കോടതിയെ അറിയിച്ചു.
കേസിലെ മൂന്നാം പ്രതിയും സി.പി.എം കൗൺസിലറുമായ പി.ആർ അരവിന്ദാക്ഷന്റെ അമ്മയുടെ പേരിൽ തൃശ്ശൂർ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും ഇതിൽ 63 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം ആണുള്ളതെന്നും കഴിഞ്ഞദിവസം കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. അക്കൗണ്ടിന്റെ നോമിനി ഒന്നാം പ്രതി സതീഷ് കുമാറിന്റെ സഹോദരൻ ശ്രീജിത്ത് ആണെന്നാണ് ഇ.ഡിയുടെ ആരോപണം.
പെരിങ്ങണ്ടൂർ ബാങ്ക് അധികൃതർ ഇക്കാര്യങ്ങൾ നിഷേധിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി ഇ.ഡി രംഗത്തെത്തിയത്. അക്കൗണ്ട് വിവരങ്ങൾ കൈമാറിയത് ബാങ്ക് സെക്രട്ടറിയാണെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. അരവിന്ദാക്ഷന്റെയും ഭാര്യയുടെയും മക്കളുടെയും അമ്മയുടെയും പേരുകൾ മാത്രമാണ് ഇ.ഡി ഇമെയിൽ വഴി ബാങ്കിനോട് ആവശ്യപ്പെട്ടത്. എന്നാൽ ബാങ്ക് സെക്രട്ടറി അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ അക്കൗണ്ട് നമ്പറും സ്റ്റേറ്റ്മെന്റും കൈമാറി. ഈ അക്കൗണ്ട് വഴി 63 ലക്ഷത്തിന്റെ ഇടപാടുകൾ നടന്നിട്ടുണ്ട്.
അക്കൗണ്ടിലൂടെ ഒന്നാംപ്രതി സതീഷ് കുമാറുമായും വലിയ സാമ്പത്തിക ഇടപാടുകൾ നടന്നു. ഇത് തന്റെ അമ്മയുടെ അക്കൗണ്ട് ആണെന്ന് ചോദ്യം ചെയ്യലിൽ അരവിന്ദാക്ഷൻ സമ്മതിച്ചിട്ടുണ്ട്. ആരുടെ അക്കൗണ്ട് ആണെന്ന് സ്ഥിരീകരിക്കാനുള്ള അന്വേഷണം തുടരുകയാണെന്നും ഇ.ഡി അറിയിച്ചു. അതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് കലൂരിലെ പ്രത്യേക കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. നാലാം പ്രതി സി.കെ ജിൽസിന്റെ അഭിഭാഷകന് ഹാജരാകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്. പി.ആർ അരവിന്ദാക്ഷനെയും സി.കെ ജിൽസിനെയും രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് ഇ.ഡി യുടെ ആവശ്യം.
Adjust Story Font
16