Quantcast

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ബ്രാഞ്ച് സമ്മേളനങ്ങളിൽ നേതാക്കൾക്ക് രൂക്ഷ വിമർശം

പ്രശ്നത്തിൽ തൃശൂർ ജില്ലാ കമ്മിറ്റിക്കകത്തെ വിഭാഗീയതയും ഏരിയാ കമ്മറ്റി അംഗങ്ങൾ തട്ടിപ്പിന് കൂട്ടുനിന്നതും സംസ്ഥാന തലത്തിൽ തന്നെ പാർട്ടിക്ക് അവമതിപ്പുണ്ടാക്കി

MediaOne Logo

Web Desk

  • Updated:

    2021-09-21 02:09:55.0

Published:

21 Sep 2021 1:22 AM GMT

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ബ്രാഞ്ച് സമ്മേളനങ്ങളിൽ നേതാക്കൾക്ക് രൂക്ഷ വിമർശം
X

കരുവന്നൂർ സഹകരണ ബാങ്ക് അഴിമതി വിഷയത്തിൽ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശം. പ്രശ്നത്തിൽ തൃശൂർ ജില്ലാ കമ്മിറ്റിക്കകത്തെ വിഭാഗീയതയും ഏരിയാ കമ്മറ്റി അംഗങ്ങൾ തട്ടിപ്പിന് കൂട്ടുനിന്നതും സംസ്ഥാന തലത്തിൽ തന്നെ പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. മാടായിക്കോണം ബ്രാഞ്ചിൽ സെക്രട്ടറി സ്ഥാനത്തേക്ക് വരാൻ അംഗങ്ങൾ തയ്യാറായില്ല.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയം ഇരിങ്ങാലക്കുട മേഖലയിലെ ബ്രാഞ്ച് സമ്മേളനങ്ങളിൽ നേതാക്കൾക്ക് പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്. പ്രശ്നത്തിൽ സി.പി.എം ഏരിയ കമ്മിറ്റി നേതാക്കളുടെ പങ്കും ജില്ല കമ്മിറ്റി സ്വീകരിച്ച സമീപനവും കടുത്ത വിമർശനത്തിന് കാരണമായി. പ്രദേശത്തെ 150 ലധികം വരുന്ന ബ്രാഞ്ചുകളിൽ പകുതിയിടത്തും സമ്മേളനം പൂർത്തിയായി. പാർട്ടി അംഗങ്ങൾ ഇവിടങ്ങളിലെല്ലാം നേതാക്കളെ കടന്നാക്രമിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. തട്ടിപ്പിനെ കുറിച്ച് കൃത്യമായി വിവരം ലഭിച്ച ജില്ലാ നേതാക്കളായ ഉല്ലാസ് കളക്കാട്ട്, കെ. ആർ വിജയ എന്നിവരെ ഏരിയാ കമ്മറ്റിയിലേക്ക് തരം താഴ്ത്തുന്നതിനു പകരം പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.

2011 ൽ കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പാർട്ടിക്കുള്ളിൽ ഉയർന്നപ്പോൾ ഉല്ലാസ് കളക്കാട്ട് ഉൾപ്പെടെ നേതാക്കൾ വിഷയം ഒതുക്കി തീർത്തു. ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി വി.എ മനോജ്‌ മേഖലയിലെ സഹകരണ സംഘങ്ങളുടെ കൺവീനർ ആയിരുന്നു. അതുകൊണ്ട് തന്നെ മനോജിനും ആരോപണങ്ങളിൽ നിന്ന് ഒഴിഞ്ഞു നിലക്കാനാകില്ലെന്ന് സമ്മേളനങ്ങളിൽ വിമർശനം ഉയർന്നു. തട്ടിപ്പ് മാധ്യമങ്ങളിൽ ചർച്ചയായതോടെ മറ്റ് സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത‌ക്കും കോട്ടമുണ്ടായി. വിഷയത്തിൽ പാർട്ടി അംഗങ്ങൾ‌ക്കും അനുഭാവികൾക്കും പൊതുസമൂഹത്തിന് മുന്നിൽ മറുപടി ഇല്ലാതായി. എല്ലാ ബ്രാഞ്ച് സമ്മേളങ്ങളുടെ പൊതു ചർച്ചയിലും ഇക്കാര്യങ്ങൾ അംഗങ്ങൾ ഉന്നയിച്ചു. മാടായിക്കോണം ബ്രാഞ്ച് സമ്മേളനത്തിൽ നിലവിൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ല. നേതൃത്വത്തിനെതിരെ പരാതി ഉന്നയിച്ച സുജേഷ് കണ്ണാട്ട് ആയിരുന്നു നേരത്തെ ഇവിടെ ബ്രാഞ്ച് സെക്രട്ടറി.



TAGS :

Next Story