കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
സിപിഎം ഉന്നത നേതൃത്വത്തിന് കേസിൽ ബന്ധമുള്ളതുകൊണ്ടാണ് പ്രതികളുടെ അറസ്റ്റ് വൈകിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു
കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ അറസ്റ്റ് വൈകുന്നതിൽ വിമർശനവുമായി പ്രതിപക്ഷം. പ്രതികളെ സിപിഎം ഭയപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎം ഉന്നത നേതൃത്വത്തിനും കേസിൽ ബന്ധമുള്ളതുകൊണ്ടാണ് പ്രതികളുടെ അറസ്റ്റ് വൈകിപ്പിക്കുന്നതെന്ന് വിഡി സതീശൻ ആരോപിച്ചു. മുതിർന്ന നേതാക്കൾ കുടുങ്ങുമെന്നതിനാലാണോ അറസ്റ്റ് വൈകിപ്പിക്കുന്നത്? ഭയപ്പെടാനില്ലെങ്കിൽ എന്തുകൊണ്ടാണ് കേന്ദ്ര അന്വേഷണത്തെ സർക്കാരും സിപിഎമ്മും എതിർക്കുന്നത്. സഹകരണ മേഖല കൂടുതൽ സുതാര്യമാക്കിയില്ലെങ്കിൽ ജനങ്ങൾ അവിശ്വസിക്കും. അതിനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കരുവന്നൂർ സഹകരണ ബാങ്ക് അഴിമതി കേസിൽ പ്രതികളെ ഇതുവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടില്ല. കേസ് ഏറ്റെടുത്ത് 10 ദിവസമായിട്ടും പ്രതികളെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് വാദം. ഇതുമായി ബന്ധപ്പെട്ട് നിരവധി രേഖകളും കണ്ടെത്താനുണ്ട്.
Adjust Story Font
16