കാസർകോട് കാർ മറിഞ്ഞ് വിദ്യാർഥിക്ക് ഗുരുതര പരുക്ക്
അംഗടിമോഗർ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്.
കാസർകോട്: കാസർകോട് കുമ്പള കളത്തൂർപള്ളത്ത് കാർ മറിഞ്ഞു വിദ്യാർഥിക്ക് ഗുരുതര പരുക്ക്. പൊലീസ് പിന്തുടർന്നപ്പോഴാണ് അപകടം ഉണ്ടായതെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചു. അംഗടിമോഗർ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് പിന്തുടരുന്ന സി സി ടി വി ദൃശ്യങ്ങൾ മീഡിയവണിനു ലഭിച്ചു.
ഇന്നലെ സ്കൂളിൽ നടന്ന ഓണാഘോഷത്തിനായി അംഗടിമോഗർ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥികൾ കാറിലായിരുന്നു എത്തിയത്. ഇവർ സഞ്ചരിച്ച കാർ കുമ്പള പൊലീസ് പിൻതുടരുന്നതിനിടെയായിരുന്നു അപകടമെന്ന് നാട്ടുകാർ പറയുന്നു.
വിദ്യാർഥികൾ സഞ്ചരിച്ച കാറിനെ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് അംഗടിമോഗർ ഖത്തീബ് നഗറിൽ നിന്ന് പൊലീസ് പിന്തുടർന്നു. അവിടെ നിന്നും 5 കിലോ മീറ്റർ അകലെ കളത്തൂർപള്ളത്ത് വെച്ച് കാർ തലകീഴായ് മറിഞ്ഞു. പ്ലസ് ടു വിദ്യാർഥി ഫർഹാസിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ വിദ്യാർഥിയെ ആദ്യം കുമ്പളയിലെ സഹകരണ ആശുപത്രിയിലെത്തിച്ചു. പരിക്ക് സാരമുള്ളതായതിനാൽ പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ വിദ്യാർഥിയെ പൊലീസ് സംഘം തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.
Adjust Story Font
16