കോവിഡ് രോഗികളില്ല; കാസർകോട് ടാറ്റാ ആശുപത്രി പൂട്ടാൻ നീക്കം
ആശുപത്രിയിലുണ്ടായിരുന്ന ഉപകരണങ്ങളും ജില്ലയിലെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോയി
കാസർകോട്: കാസർകോട് ടാറ്റാ കൊവിഡ് ആശുപത്രി പൂട്ടാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഭൂരിഭാഗം ജീവനക്കാരെയും ജില്ലയിലെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. കോവിഡ് രോഗികൾ ഇല്ലാത്തതിനാലാണ് ജീവനക്കാരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതെന്നാണ് വിശദീകരണം.
സ്‌പെഷ്യാലിറ്റി ഡോക്ടർമാർ ഉൾപ്പെടെ 191 ജീവനക്കാരെയാണ് കോവിഡ് ആശുപത്രിയിൽ നിയമിച്ചിരുന്നത്. ഇതിൽ 170 പേരെയും മറ്റ് ആശുപത്രികളിലക്ക് മാറ്റി. അവശേഷിക്കുന്ന ജീവനക്കാരെ ഉടൻ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി നിയമിക്കുമെന്നാണ് വിവരം. കൂടാതെ ടാറ്റാ ആശുപത്രിയിലുണ്ടായിരുന്ന ഉപകരണങ്ങൾ ജില്ലയിലെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ട് പോയി. കില്ലാ ആശുപത്രി, ജനറൽ ആശുപത്രി, അമ്മയും കുഞ്ഞും ആസ്പത്രി എന്നിവിടങ്ങളിലേക്കാണ് ഉപകരണങ്ങൾ മാറ്റിയത്. വലിയ പ്രതീക്ഷയോടെ ആരംഭിച്ച ടാറ്റാ ആശുപത്രി പൂട്ടാൻ നീക്കം ആരംഭിച്ചതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.
2020 ഏപ്രിൽ 29 ന് നിർമ്മാണം ആരംഭിച്ച ആശുപത്രി സെപ്തംബർ 9 ന് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. അതിവേഗം നിർമ്മാണം പൂർത്തിയാക്കിയ ആശുപത്രിയിൽ ഒക്ടോബർ 26 ന് കോവിഡ് ചികിത്സയും തുടങ്ങി. 128 കണ്ടെയ്നറുകളിലായി 551 കിടക്കകളാണ് ആശുപത്രിയിലൊരുക്കിയത്.
Adjust Story Font
16