വിവാദങ്ങള്‍ക്കിടെ കാസര്‍കോട് കലക്ടര്‍ അവധിയിലേക്ക്; പകരം ചുമതല എഡിഎമ്മിന്
കാസര്‍കോട്ട് പൊതുയോഗത്തിന് കലക്ടർ വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഉത്തരവ് പിൻവലിച്ചത് സിപിഎം നേതാക്കളുടെ സമ്മർദത്തെ തുടർന്നാണെന്ന് വിമർശനം ഉയര്‍ന്നിരുന്നു
സി.പി.എം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിറകെ കാസർഗോഡ് ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധിയിലേക്ക്. നാളെ മുതൽ ഫെബ്രുവരി ഒന്നുവരെയാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. എഡിഎമ്മിനാണ് പകരം ചുമതല.
ജില്ലയിൽ കലക്ടർ പൊതുയോഗത്തിന് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഉത്തരവ് പിൻവലിച്ചത് സിപിഎം നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണെന്ന് വിമർശനം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് സി.പി.എം പാർട്ടി സമ്മേളനം വെട്ടിച്ചുരുക്കിയത്.
ഇന്നാണ് സംസ്ഥാനത്ത് സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 50 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്കാണ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്. രാഷ്ട്രീയ പാർട്ടി സമ്മേളനങ്ങൾക്ക് എന്താണ് പ്രത്യേകതയുള്ളതെന്ന് ഹൈക്കോടതി ഉത്തരവില്‍ ചോദിച്ചു. കോവിഡ് പശ്ചാത്തലത്തിൽ പൊതുയോഗങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച കാസർകോട് ജില്ലാ കലക്ടറുടെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി.
ഹൈക്കോടതി നടപടിയെ കളക്ടർ പിന്തുണച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കർശനമായി പാലിക്കണമെന്ന് അവർ കോടതി വിധിയോട് പ്രതികരിക്കവെ പറഞ്ഞു.
Adjust Story Font
16