Quantcast

'പ്രശ്‌നം പരിഹരിക്കാനാകാത്തവർ രാജിവെച്ച് വീട്ടിൽ പോകണം'; പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാറിനെതിരെ മാർക്കണ്ഡേയ കട്ജു

കുട്ടികളുടെ ഭാവിവെച്ച് കളിക്കരുത്. സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ താൻ ഭരണകക്ഷിക്കെതിരെ പ്രചാരണത്തിനിറങ്ങുമെന്നും കട്ജു പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    11 July 2023 9:52 AM GMT

Katju against government on plus one seat crisis
X

മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ സുപ്രിംകോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു. നിയമസഭാ സ്പീക്കറും എം.എൽ.എയും പങ്കെടുത്ത വേദിയിലാണ് വിമർശനം. പ്രശ്‌നം പരിഹരിക്കാൻ കഴിയാത്തവർ രാജിവെച്ചു വീട്ടിൽ പോകണം. കുട്ടികളുടെ ജീവിതംവെച്ച് കളിക്കുന്നവർ സ്പീക്കറായും മുഖ്യമന്ത്രിയായും ഇരിക്കുന്നുവെന്നും കട്ജു പറഞ്ഞു. മലപ്പുറം നിയോജകമണ്ഡലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം ജില്ലയിൽ പത്താംക്ലാസ് വിജയിച്ചവരുടെ എണ്ണവും പ്ലസ് വൺ സീറ്റുകളുടെ എണ്ണവും തമ്മിൽ വലിയ അന്തരമുണ്ട്. കുട്ടികൾ വലിയ പ്രതീക്ഷയോടെയാണ് പഠിക്കുന്നത്. ഭാവിയിൽ ഡോക്ടറും എഞ്ചിനീയറുമെല്ലാം ആവണമെന്ന് ആഗ്രഹിക്കുന്ന കുട്ടികൾക്ക് ആവശ്യമായ ഉപരിപഠനസൗകര്യം സർക്കാർ ഒരുക്കണം. മുഖ്യമന്ത്രിയും നിയമസഭാ സ്പീക്കറുമെല്ലാം കരുതിയാൽ ഈ പ്രശ്‌നം പരിഹരിക്കാനാവും. ഇത് നീട്ടിക്കൊണ്ടുപോകുന്നത് കുട്ടികളോട് ചെയ്യുന്ന കുറ്റകൃത്യമാണെന്നും കട്ജു പറഞ്ഞു.

മലപ്പുറം നിയോജകമണ്ഡലത്തിൽനിന്ന് വിജയിച്ച കുട്ടികളെ അനുമോദിക്കാൻ പി. ഉബൈദുല്ല എം.എൽ.എ ആണ് പരിപാടി സംഘടിപ്പിച്ചത്. സ്പീക്കർ എ.എൻ ഷംസീർ ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. കുട്ടികളുടെ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ താൻ ഭരണകക്ഷിക്കെതിരെ പ്രചാരണത്തിനിറങ്ങുമെന്നും കട്ജു പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത കുട്ടികളും രക്ഷിതാക്കളും വൻ കരഘോഷത്തോടെയാണ് കട്ജുവിന്റെ വാക്കുകൾ സ്വീകരിച്ചത്.

TAGS :

Next Story